കോട്ടയം : സംസ്ഥാന നേതാക്കൾ പങ്കെടുത്ത മാരത്തണ്‍ ചര്‍ച്ചകൾക്ക് ശേഷവും ഇടുക്കിയിലെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനത്തിലെത്താൻ യുഡിഎഫിനായിട്ടില്ല. ജില്ലാ പഞ്ചായത്തിന്‍റെ കാര്യത്തിൽ മാത്രമാണ് ഇതുവരെ ധാരണയായത്. മറ്റിടങ്ങളിൽ പ്രാദേശിക തലത്തിൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. അതേസമയം എൽഡിഎഫ് വിവിധയിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
യുഡിഎഫിൽ കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം ഉഭയകക്ഷി ചര്‍ച്ചകള്‍ അനന്തമായി നീളുകയാണ്. 2015ല്‍ കേരള കോൺഗ്രസ് എം മല്‍സരിച്ച മുഴുവന്‍ സീറ്റും വേണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ ജോസ് വിഭാഗം മത്സരിച്ച സീറ്റുകൾ മുഴുവൻ ജോസഫ് വിഭാഗത്തിന് നൽകുന്നതിനോട് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് യോജിപ്പില്ല. ഒരാഴ്ചക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചർച്ചകൾ നടന്നെങ്കിലും സമവായത്തില്‍ എത്തിയിരുന്നില്ല.
അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ ഒരുപടി മുന്നിലാണ് എൽഡിഎഫ്. തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക എൽഡിഎഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻഡിഎയും നൂറോളം സ്ഥാനാർത്ഥികളെ ഇതിനോടകം പ്രഖ്യാപിച്ചു.