കൊച്ചി: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് യു ഡി എഫ് കടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി.എസ് ജോയിയുടെ പേര് ആദ്യഘട്ടത്തില്‍ പി.വി. അന്‍വര്‍ പറഞ്ഞുവെങ്കിലും കോണ്‍ഗ്രസ് അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആലുവയില്‍ പറഞ്ഞു. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ വീണ്ടും തോല്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളെ പി വി അന്‍വര്‍ നേരിട്ട് കണ്ട് ധരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം നാളെ നിലമ്പൂരില്‍ ചേരും. പി വി അന്‍വര്‍ തന്റെ പരമ്പരാഗത രാഷ്ട്രീയ വൈരിയായ ആര്യാടന്‍ ഷൗക്കത്തിനെതിരേ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിയ്ക്കുന്നതിനു മുമ്പേ ആര്യാടന്‍ ഷൗക്കത്ത് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും തോല്‍ക്കുമെന്നാണ് പി വി അന്‍വറിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍. പി വി അന്‍വര്‍ ഇക്കാര്യം വിവിധ നേതാക്കളെ നേരിട്ട് കണ്ട് ധരിപ്പിച്ചിട്ടുണ്ട്. മലപ്പുറം ഡി സി സി അധ്യക്ഷന്‍ വിഎസ് ജോയിയെ മത്സരിപ്പിയ്ക്കണമെന്നാണ് പി വി അന്‍വര്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പായി യു ഡി എഫ് പ്രവേശനം നല്‍കണമെന്ന് പി വി അന്‍വറിന്റെ ആവശ്യവും യു ഡി എഫ് പരിഗണിച്ചില്ല. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.