പാലക്കാട് : പാലക്കാടും ചേലക്കരയിലും യുഡിഎഫ് വിജയം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണ്. 6000 വോട്ടുകൾ യുഡിഎഫ് ചേർത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. 28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയിൽ 3 തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ സുധാകരൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകാമെന്ന് പ്രധാനമന്ത്രി വയനാട്ടിൽ വന്ന് പറഞ്ഞതാണ്.
കാൽ പൈസ കൊടുത്തോയെന്നും സുധാകരൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കേരളത്തെ വഞ്ചിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. പിണറായി ജയിലിൽ കിടക്കേണ്ടവനാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച സുധാകരൻ ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി പുറത്തിറങ്ങി നടക്കുന്നതെന്നും പറഞ്ഞു. സുരേന്ദ്രനും ജയിലിൽ കിടക്കേണ്ടയാളാണ്. പരസ്പരം ഡീലുണ്ടാക്കി ഇരുവരും തടിതപ്പുന്നുവെന്നും സിപിഎം – ബിജെപി സഖ്യം ആരോപിച്ച് സുധാകരൻ ചൂണ്ടിക്കാട്ടി. ഇ പി ജയരാജൻ പാവമാണെന്നും ജന്മം അങ്ങനെയായിപ്പോയി എന്നും തനിക്ക് ഇപിയോട് അനുകമ്പയാണെന്നും സുധാകരൻ പരിഹസിച്ചു.