പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്തംഭനാവസ്ഥയിലായിട്ട് നാളുകള്‍ ഏറെയായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കിവെക്കുന്ന പ്ലാന്‍ ഫണ്ടും മറ്റും വെട്ടിക്കുറച്ച് കൊണ്ടിരിക്കുകയാണ്. തത്ഫലമായി വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നു. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലും ഭീമമായ വെട്ടിക്കുറവാണ് ഗവണ്‍മെന്‍റ് വരുത്തിയത്. അനുവദിക്കുന്ന ഫണ്ടും ചിലവാക്കാന്‍ കഴിയുന്നില്ല. ഈ ദുഃസ്ഥിതിക്ക് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തദ്ദേശസ്ഥാപനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയിലും അവഗണനയിലും പ്രതിഷേധിക്കാന്‍ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ചും ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ മുമ്പിലും 2025 ഏപ്രില്‍ 4 ന് വൈകിട്ട് 4 മണി മുതല്‍ ഏപ്രില്‍ 5 ന് രാവിലെ 8 മണി വരെ യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്താന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
വന്യമൃഗ ആക്രമണത്തിനെതിരെ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്കെതിരെ യു.ഡി.എഫ് നടത്തിയ മലയോര സമര യാത്രയുടെ തുടര്‍ച്ചയായി ഏപ്രില്‍ 10 ന് രാവിലെ 10 മണിക്ക് കോന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതിനും യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പത്തനംതിട്ട രാജീവ് ഭവനില്‍ കൂടിയ യു.ഡി.എഫ് നേതൃയോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജോസഫ് എം. പുതുശ്ശേരി, റ്റി.എം. ഹമീദ്, പ്രൊഫ. ഡി.കെ. ജോണ്‍, തോമസ് ജോസഫ്, സനോജ് മേമന, ബാബു വെണ്മേലി, ആര്‍.എം. ഭട്ടതിരി, ജോര്‍ജ് കുന്നപ്പുഴ, അഡ്വ. കെ. ജയവര്‍മ്മ, സിബി താഴത്തില്ലത്ത്, ജോണ്‍സണ്‍ വിളവിനാല്‍, ലാലു തോമസ്, കുഞ്ഞുകോശി പോള്‍, രജനി പ്രദീപ്, തോപ്പില്‍ ഗോപകുമാര്‍, സന്തോഷ് കുമാര്‍ കോന്നി, സക്കറിയ വര്‍ഗീസ് തുമ്പമണ്‍, മുത്തലിഫ് കോന്നി, പ്രകാശ് തോമസ്, ജോണ്‍ സാമുവല്‍, റ്റി.കെ. തങ്കമ്മ, ജെറി മാത്യു സാം, ഈപ്പന്‍ കുര്യന്‍, ആര്‍. ദേവകുമാര്‍, കെ. ശിവപ്രസാദ്, ബാബു ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.