മഞ്ചേശ്വരം : 2016 ല്‍ അവസാന ബൂത്തിലെ വോട്ടെണ്ണല്‍ വരെ ക്ലൈമാക്സ് ഒളിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് ആദ്യഘട്ട വോട്ടെണ്ണൽ സൂചന. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച പഞ്ചായത്തിലെ വോട്ടുകളുമാണ് ഇപ്പോൾ പൂർത്തിയായത്. യുഡിഎഫ് 4000 വോട്ടുകൾക്കെങ്കിലും മുന്നിട്ടു നിൽക്കേണ്ട ഘട്ടമാണിത്. എന്നാൽ 1758 വോട്ടുകളുടെ ലീഡ് മാത്രമാണുള്ളത്. ഇത് യുഡിഎഫിന് ആശങ്കപ്പെടുത്തുന്നതാണ്.
ഇനി എണ്ണുന്നത് യുഡിഎഫ് ശക്തി കേന്ദ്രമായ മംഗൽപാടി പഞ്ചായത്തിലെ വോട്ടുകളാണ്. ഇവിടെ ലഭിക്കുന്ന വോട്ടുകളാണ് യുഡിഎഫിന്റെ ജയപരാജയം നിർണയിക്കുക. ഇവിടെ 6000 വോട്ടുകളെങ്കിലും അധികം ലഭിക്കുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നത്. ഇതു ലഭിച്ചില്ലെങ്കിൽ പരുങ്ങലിലാവും. കുമ്പള മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷമുള്ള മറ്റൊരു പഞ്ചായത്ത്. ബാക്കിയുള്ള പൈവൊളികെ, എൻമകജെ, പുത്തിഗെ പഞ്ചായത്തുകൾ ബിജെപിക്ക് നിർണായക സ്വാധീനമുള്ള മേഖലകളാണ്.
പുത്തിഗെയിൽ യുഡിഎഫിനേക്കാളും ആയിരം വോട്ടുകളെങ്കിലും എന്‍ഡിഎ ഇവിടെ നേടാനിടയുണ്ട്. 16 റൗണ്ട് മുതല്‍ എണ്‍മകജെ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണും. ഇവിടെ എന്‍ഡിഎ നേടുന്ന വോട്ടുകളാണ് മണ്ഡലത്തിലെ ഫലം നിര്‍ണയിക്കുക. എന്‍ഡിഎ പ്രതീക്ഷ പുലര്‍ത്തുന്നതു പോലെ അയ്യായിരത്തിലേറെ വോട്ടുകള്‍ അധികമായി ലഭിച്ചാല്‍ ഇത്തവണയും ഫലം പ്രവചനാതീതമാകും. പൈവൊളികെയിലും 3000 വോട്ടുകൾ എൻഡിഎ ലീഡ് പ്രതീക്ഷിക്കുന്നു.