കാസര്‍ഗോഡ് : ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കന്‍ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ‘കടലിനും കടലിന്റെ മക്കള്‍ക്കുംവേണ്ടി’ എന്ന മുദ്രാവാക്യമുയര്‍ത്തി ടി.എന്‍.പ്രതാപന്‍ എംപി നയിക്കുന്ന ജാഥ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് കസബ കടപ്പുറത്ത് വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന സമ്മേളനം.
ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെയുള്ള പ്രതിഷേധ ജാഥ തീരപ്രദേശങ്ങളിലൂടെയും മത്സ്യഗ്രാമങ്ങളിലൂടെയും കടന്നുപോകും. ധാരണാപത്രങ്ങള്‍ റദ്ദാക്കിയെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വിഷയം സജീവമായി നിര്‍ത്താനാണ് യുഡിഎഫ് നീക്കം. ഷിബു ബേബി ജോണ്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ നാളെ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. രണ്ടു മേഖല ജാഥകളും മാര്‍ച്ച് അഞ്ചിന് കൊച്ചിയില്‍ സമാപിക്കും.