തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ യു ഡി എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് വച്ച് കണക്കാക്കിയാല്‍ മികച്ച ഫലമാണ് ഇക്കുറി പാര്‍ട്ടിക്കുണ്ടായത്. പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും മികവ് ഉണ്ടായി. കോര്‍പ്പറേഷനുകളിലും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ അന്തിമ ഫലം ഇതുവരെയും വന്നിട്ടില്ലെന്നും നാളെ ചേരുന്ന പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്തെങ്കിലും തിരുത്തല്‍ ആവശ്യമായി വന്നാല്‍ വരുത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രാദേശികമായ വിഷയങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഷയങ്ങളാവുന്നതെന്നും, 2010ലെ തിരഞ്ഞെടുപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാ തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് അനുകൂലമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്ന് മനസിലാകും. ഈ തിരഞ്ഞെടുപ്പിലൂടെ ബി ജെ പി സംസ്ഥാനത്ത് അപ്രസക്തമായി, ചില പോക്കറ്റുകളില്‍ മാത്രമായി ബി ജെ പി ഒതുങ്ങിയെന്നാണ് മനസിലാക്കാനാവുന്നത്. തിരുവനന്തപുരം, പാലക്കാട്, പന്തളം എന്നിവിടങ്ങളില്‍ മാത്രമാണ് അവര്‍ക്ക് മുന്നേറ്റമുണ്ടാക്കാനായത്. തലസ്ഥാനത്ത് കോര്‍പ്പറേഷനിലുണ്ടായ തിരിച്ചടി പാര്‍ട്ടി പരിശോധിക്കും എന്നും മുല്ലപ്പള്ളി വ്യക്തമാക്കി.