കോട്ടയം: കഴിഞ്ഞതവണ ജയിച്ച സീറ്റ് നിലനിർത്തുക, അതേസീറ്റ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുക -യു.ഡി.എഫിന് ഈ രണ്ടുകാര്യവും ഒരേസമയം സാധിച്ചു, കോട്ടയത്ത്. കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാർഥിയായി ജയിച്ച തോമസ് ചാഴികാടന്റെ പാർട്ടിയായ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്ക് പോയതോടെയാണ് യു.ഡി.എഫിന് ഒരു എം.പി. നഷ്ടമായത്. അതേ ചാഴികാടനെ തോല്പിച്ച്, കേരള കോൺഗ്രസ് എമ്മിനോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് യു.ഡി.എഫ്. ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജാണ് തോല്പിച്ചതെന്നത് ജോസ് കെ.മാണിക്കും കൂട്ടർക്കും ഇരട്ടി പ്രഹരമാണ്. തിരഞ്ഞെടുപ്പ് കാലത്തെ വലിയ ചർച്ചയായിരുന്നു കോട്ടയത്തെ വിജയം ആർക്കൊപ്പമെന്നത്. അന്ന് ജോസ് കെ.മാണി വിശദീകരിച്ചത് കേരള കോൺഗ്രസ് എം ഒപ്പമുള്ള യു.ഡി.എഫാണ് കോട്ടയം ജയിച്ചിരുന്നതെന്നാണ്.
തങ്ങൾ വിട്ടുപോയതോടെ കോട്ടയത്തിന്റെ സ്വഭാവം മാറുമെന്നും കരുതി. ഒപ്പം രണ്ടില ചിഹ്നം യു.ഡി.എഫിന്റെ കുറേ വോട്ടുകൾ കൊണ്ടുവരുമെന്നും വിശ്വസിച്ചു. പക്ഷേ, ആ കണക്ക് പാളിപ്പോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കുറവുകൾക്ക് യു.ഡി.എഫ്. പരിഹാരം ചെയ്തുവെന്നും പറയാം. അതിന് വഴിയൊരുക്കിയത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും. ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും അതിനെ മുന്നണി സംവിധാനവുമായി ഇണക്കാനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ അന്ന് ശ്രദ്ധിച്ചു. അതിന്റെ തുടർച്ചയായി എല്ലാ അസംബ്ലി മണ്ഡലങ്ങളിലും യു.ഡി.എഫ്. കമ്മിറ്റികൾ താഴേത്തട്ടിൽ ശക്തമായി.