കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ യുഡിഎഫ്. സീറ്റുകൾ സംബന്ധിച്ചു കേരള കോൺഗ്രസുമായും ജനതാദളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. കോൺഗ്രസ് സ്ഥാനാർഥികളെ നിർദേശിക്കുന്നതിനായി തിരഞ്ഞെടുപ്പു സമിതി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് യോഗം ചേരും. എംപിമാരും സമിതിയിലെ അംഗങ്ങളുമായിരിക്കും സ്ഥാനാർഥികളെ നിർദേശിക്കുക.
കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കെഎസ്‍യുവും യൂത്ത് കോൺഗ്രസും മഹിള കോൺഗ്രസും തിരഞ്ഞെടുപ്പു സമിതിയെ സമീപിച്ചിട്ടുണ്ട്. 20 സീറ്റുകളിലെങ്കിലും വനിതകളെ മത്സരിപ്പിക്കണമെന്നാണ് മഹിള കോൺഗ്രസിന്റെ ആവശ്യം. കൂടുതൽ യുവാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണു കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടുള്ളത്. അതേസമയം പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം ഇന്ന് അവസാനിപ്പിക്കാനാണു തീരുമാനം.