തൊടുപുഴ : ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റു വിഭജനം ഇരു മുന്നണികള്‍ക്കും കീറാമുട്ടിയാകുന്നു. ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം പൊതുവിഭാഗത്തിനായതിനാല്‍ പല നേതാക്കന്‍മാര്‍ക്കും പ്രസിഡന്റ് സ്ഥാനത്തിലാണ് നോട്ടം. അതുകൊണ്ടുതന്നെ സീറ്റ് വിഭജനം കഴിഞ്ഞുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം അതിലും തലവേദനയാകും.
യുഡിഎഫില്‍ ജോസഫ് വിഭാഗം അഞ്ചുസീറ്റ് വേണം എന്ന നിലപാടിലാണ്. ജില്ലാ പഞ്ചായത്തില്‍ ആകെ 16 ഡിവിഷനാണുള്ളത്. കഴിഞ്ഞതവണ കോണ്‍ഗ്രസ് 11 സീറ്റിലും കേരള കോണ്‍ഗ്രസ് അഞ്ചു സീറ്റിലുമാണ് മത്സരിച്ചത്. ഈ അഞ്ചുസീറ്റ് ആണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. കരിങ്കുന്നം, മുള്ളരിങ്ങാട്, മൂലമറ്റം, മുരിക്കാശേരി, നെടുങ്കണ്ടം എന്നീ സീറ്റുകള്‍ ആണ് ജോസഫ് വിഭാഗം ചോദിക്കുന്നത്. യു.ഡി.എഫ് ഏകോപന സമിതി യോഗം കഴിഞ്ഞതോടെ സീറ്റ് ചര്‍ച്ച ഊര്‍ജിതമായി നടക്കുന്നുണ്ട്. എന്നാല്‍ ജോസഫ് വിഭാഗത്തിന് അഞ്ചുസീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത എതിര്‍പ്പിലാണ്. ജോസ് വിഭാഗം വിട്ടുപോയതോടെ കഴിഞ്ഞ തവണ മത്സരിച്ച അഞ്ചില്‍ നിന്നും രണ്ടു കുറയ്ക്കണം എന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ അഞ്ചുസീറ്റില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.
എല്‍.ഡി.എഫിലും ജോസ് കെ മാണി വിഭാഗം വന്നതോടെ തര്‍ക്കം തുടരുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിച്ചത് അഞ്ചു സീറ്റിലാണെന്ന വാദമാണ് ഇതിനുവേണ്ടി ജോസ് വിഭാഗം ഉയര്‍ത്തുന്നത്. കഴിഞ്ഞതവണ സി.പി.എം. എട്ടു സീറ്റിലും സി.പി.ഐ. അഞ്ചിലും ഹൈറേഞ്ച് സംരക്ഷണ സമിതി മൂന്നുസീറ്റിലും ആണ് മത്സരിച്ചത്.
ഇക്കുറി ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്തില്ലാത്തതിനാല്‍ ഇവര്‍ മത്സരിച്ച മൂന്ന് സീറ്റ് ജോസ് വിഭാഗത്തിന് നല്‍കുന്നതിന് ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ അഞ്ചുസീറ്റ് എന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നാല്‍ സിപിഎമ്മും സിപിഐയും തങ്ങളുടെ സീറ്റുകളില്‍ നിന്ന് ഓരോ സീറ്റ് കൂടി നല്‍കേണ്ടി വരും. ഇരു പാര്‍ട്ടികളും ഇതിന് തയ്യാറാകുമോ എന്നത് കണ്ടറിയണം. തങ്ങളുടെ സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ.