തിങ്കളാഴ്ച്ച റഷ്യയിലെ കെർസൺ മേഖലയിലെ അലഷ്‌കി പട്ടണത്തിൽ പ്രാദേശിക ജില്ലാ ആശുപത്രിക്ക് നേരെ യുക്രയ്ൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി റീജിയണൽ ഗവർണർ വ്‌ളാഡിമിർ സാൽഡോ അറിയിച്ചു. ആക്രമണത്തിൽ ഹെഡ് ഡോക്ടർ വ്‌ളാഡിമിർ ഖർലനും ഡെപ്യൂട്ടി ഹെഡ് ഡോക്ടർ വാസിലി ബോറിസോവും മരണപ്പെട്ടു. വ്‌ളാഡിമിർ ഖർലൻ്റെ ഓഫീസിനെ ലക്ഷ്യമാക്കിയാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഗവർണർ വ്‌ളാഡിമിർ സാൽഡോ പറയുന്നു. അദ്ദേഹത്തിൻ്റെ മരണത്തെ പ്രാദേശിക മെഡിക്കൽ സമൂഹത്തിന് “നികത്താനാവാത്ത നഷ്ടം” എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്.
യുക്രേനിയൻ സേന മുമ്പും വ്‌ളാഡിമിർ ഖർലനെ വധിക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് നടത്തിയ വധശ്രമത്തിനിടയിൽ വ്‌ളാഡിമിർ ഖർലന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പാശ്ചാത്യ പിന്തുണക്കാർ സാഹചര്യം അവഗണിക്കുമ്പോൾ യുക്രയ്ൻ രഹസ്യമായി “രക്തം പുരണ്ട പ്രവർത്തനങ്ങൾ” നടത്തുന്നുവെന്ന് ഗവർണർ ആരോപിച്ചു.
സിവിലിയൻ ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമിട്ട് യുക്രയ്നിന്റെ സൈന്യം റഷ്യൻ അതിർത്തി പ്രദേശങ്ങളിൽ പതിവായി ഡ്രോൺ ആക്രമണം നടത്തുന്നുണ്ട്. റഷ്യയുടെ സൈന്യം ഡസൻ കണക്കിന് യുക്രേനിയൻ ഡ്രോണുകൾ നശിപ്പിച്ചതായും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്‌ച യുക്രയ്ൻ നിയന്ത്രിത പ്രദേശത്ത് നിന്ന് 850 കിലോമീറ്റർ അകലെയുള്ള വ്‌ളാഡികാവ്‌കാസ് നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിലും സ്‌ഫോടനം നടന്നിരുന്നു. സ്ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. റഷ്യൻ നഗരമായ കസാനിൽ നടന്ന യുക്രേനിയൻ ഡ്രോൺ ആക്രമണങ്ങളിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളും ഒരു ഫാക്ടറിയും തകർന്നിരുന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.