ചെങ്ങന്നൂർ: പരമ്പരാഗത പാരിസ്ഥിതിക വിജ്ഞാനവും സുസ്ഥിരജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹായത്തോടെ ക്രിസ്ത്യൻ കോളേജിലെ ഭൂമിത്രസേനാ ക്ലബ് സംഘടിപ്പിച്ച സിംപോസിയത്തിൽ പരിസ്ഥിതി പ്രവര്‍ത്തകനും അദ്ധ്യാപകനുമായ കെ.ബിനു വൃക്ഷായുര്‍വ്വേദത്തിന്റെ അദ്‌ഭുത സാദ്ധ്യതകളെപ്പറ്റി വിവരിച്ചു.
വേദങ്ങളിലും ചരകന്റെയും ശുശ്രുതന്റെയും രചനകളിലും ഈ ചികിത്സാ സമ്പ്രദായത്തെപ്പറ്റി പരാമര്‍ശമുണ്ട്. കേരളത്തില്‍ ആറ് പതിറ്റാണ്ട് മുമ്പ് വരെ ഉണ്ടായിരുന്നതും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത വൃക്ഷായുര്‍വ്വേദ ചികിത്സയാണ് പരിസ്ഥിതി പ്രവര്‍ത്തകനും വാഴൂര്‍ ഉളളായം യു.പി.എസ്. അദ്ധ്യാപകനുമായ കെ.ബിനു എന്ന വൃക്ഷവൈദ്യനിലൂടെ തിരികെ എത്തുന്നത്. കേരള സര്‍ക്കാരിന്റെ വനം-വന്യജീവി ബോര്‍ഡ് അംഗമായ കെ. ബിനു ആണ് പ്രായാധിക്യം ഉള്ളതും കേട് വന്നതും ഇടിവെട്ട് ഏറ്റതും കൊമ്പുകള്‍ ചീഞ്ഞതുമായ വൃക്ഷങ്ങളെ ആയുര്‍വേദ ചികിത്സയിലൂടെ സുഖപ്പെടുത്താമെന്നും വൃക്ഷങ്ങള്‍ക്ക് യൗവ്വനം തിരികെ നല്‍കാമെന്നും ലോകത്തിന് കാട്ടി കൊടുക്കുന്നത്.
പാടത്തെ ചെളിമണ്ണ്, എള്ള്, കദളിപ്പഴം, താമര സമൂലം, വൃക്ഷം നില്‍ക്കുന്ന സ്ഥലത്തെ മണ്ണ്, നാടന്‍ പശുവിന്റെ ചാണകം, നെയ്യ്, പാല്‍, കച്ചിപ്പൊടി, ചിതല്‍പ്പുറ്റ് എന്നിവ വൃക്ഷത്തിന്റെ പ്രായം, വലിപ്പം എന്നിവ കണക്കാക്കി നിശ്ചിത അനുപാതത്തില്‍ കുഴച്ചെടുത്ത് വെള്ളം കൂട്ടാതെ വൃക്ഷത്തിന്റെ കേട് വന്ന ഭാഗങ്ങളില്‍ തേച്ചുപിടിപ്പിച്ച ശേഷം തുണിയില്‍ പൊതിഞ്ഞ് നിശ്ചിത ദിവസം സംരക്ഷിക്കുന്നതാണ് ചികിത്സാരീതി. മരുന്ന്കൂട്ട് മരത്തില്‍ പിടിക്കാന്‍ ആറ് മാസം സാവകാശം വേണം. ഇതേ രീതിയില്‍ കേരളത്തിൽ പലയിടത്തായി പുളി, പ്ലാവ്, വാകമരം, ആഞ്ഞിലി തുടങ്ങി ഇരുപതോളം മരങ്ങള്‍ക്ക് ഇതിനോടകം ആയുര്‍വേദ ചികിത്സ നടത്തി ഫലപ്രദമാണന്ന് തെളിഞ്ഞിട്ടുണ്ട്.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. ആർ. അഭിലാഷ്, സൂര്യ സുരേന്ദ്രൻ, വിദ്യാർത്ഥികളായ അക്ഷയ് ബാബു, മേഘ മുരളി, വൃന്ദ ആർ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.