കൊച്ചി: ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് അന്ത്യശാസനവുമായി മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍. ഈ മാസം 20 ന് മുന്‍പ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാണ് ഉത്തരവിട്ടത്. ഇത് നടപ്പാക്കത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രതിഷേധങ്ങളോ ശാരീരിക ആക്രമങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ ഇളവുണ്ടാകും. അല്ലാത്തപക്ഷം എല്ലാ വൈദികരും ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.
ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് മാര്‍പാപ്പ നല്‍കിയ കത്ത് പള്ളികളില്‍ വായിക്കണം, ഇതിന്റെ സാക്ഷ്യപത്രം പള്ളി വികാരിയും കൈക്കാരന്മാരും ഒപ്പിട്ട് അതിരൂപത കൂരിയായിലേക്ക് അയയ്ക്കണം. ലംഘിച്ചാല്‍ മാര്‍പ്പാപ്പയോടുള്ള അനുസരണക്കേടായി കണക്കാക്കി കാനോനിക നടപടിയുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ അറിയിച്ചു.