ഡല്‍ഹി: പൗരത്വ ഭേഗഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇത്തരത്തില്‍ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദേശ ഏജന്‍സികളുടെ ഇടപെടല്‍ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസില്‍ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.എന്‍.എച്ച്.ആര്‍.ഡി സുപ്രീംകോടതിയില്‍ ഇടപെടല്‍ അപേക്ഷ നല്‍കിയത്.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. ഇത് പാര്‍ലമെന്റില്‍ നിയമം പാസാക്കാനുളള ഇന്ത്യയുടെ പരമമാധികാരവുമായി ബന്ധപ്പെട്ടതാണ്. അത്തരത്തില്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാന്‍ വിദേശ കക്ഷികള്‍ക്ക് അധികാരമില്ല. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയനിലും പ്രമേയം പാസാക്കാനിരുന്നതിലും ഇത് തന്നെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. കൂടാതെ പൗരത്വ ഭേദഗതി നിയമം നടപ്പാകുന്നത് പൗരത്വം നേടാനുള്ള ജനങ്ങളുടെ അവകാശത്തില്‍ വിവേചനം സൃഷ്ടിക്കുമെന്ന് യു.എന്‍. എച്ച്.ആര്‍.ഡി വക്താവ് പ്രതികരിച്ചു.