പത്തനംതിട്ട: പൊതുജനാരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പാറമടകളില്‍ പിരിശോധന നടത്തി നിയമലംഘനം കണ്ടെത്തുവാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
അനധികൃതമായാണ് ജില്ലയില്‍ ക്വാറികള്‍ പലതും പ്രവര്‍ത്തിക്കുന്നത്. ക്വാറികളില്‍ നിയമപരമായുള്ള പരിശോധനകള്‍ പോലും നടക്കുന്നില്ല. ക്വാറി ഉടമകളെ ഭയന്ന് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ ജനകീയ സമതികള്‍ രൂപീകരിച്ച് പാറമടകള്‍ പരിശോധിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍ നല്‍കണം. കോന്നി, കൂടല്‍, കലഞ്ഞൂര്‍ പ്രദേശങ്ങള്‍ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം മൂലം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മറ്റൊരു കവളപ്പാറ ഇവിടെ ഉണ്ടാകുമോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. പാറമടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായി ബാബു ജോര്‍ജ്ജ് ആരോപിച്ചു. തലങ്ങും വിലങ്ങും ഓടുന്ന ടോറസ് ലോറികള്‍ പുറത്തുവിടുന്ന പുകപടലങ്ങള്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്നു. ഏറ്റവും കൂടുതല്‍ ശ്വാസകോശ രോഗികള്‍ ഈ മേഖലയിലാണ് ഉള്ളത്. ഇടവിട്ട് ഇടവിട്ട് ഈ മേഖലയില്‍ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ അനധികൃത ക്വാറികളിലെ പാറപൊട്ടിക്കലിനെതുടര്‍ന്നാണെന്ന ആശങ്ക ജനങ്ങള്‍ക്ക് ഉണ്ട്.
ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുന്ന അവസരത്തിലാണ് അദാനിഗ്രൂപ്പ് വിഴിഞ്ഞം പദ്ധതിക്കായി ഇവിടെ ഖനനം തുടങ്ങാന്‍ അനുമതി തേടിയിരിക്കുന്നത്. കലഞ്ഞൂരിന്റെ സൗന്ദര്യമായ രാക്ഷസന്‍പാറ 100 വര്‍ഷം പൊട്ടിച്ചാലും തീരില്ലെന്നാണ് വിദഗ്ധ അഭിപ്രായം. ഇതു മുന്നില്‍ കണ്ടാണ് ഉന്നതരായ സി.പി.എം നേതാക്കള്‍ അദാനിയുടെ പാറഖനനത്തിന് അനുമതിക്കായി ചരടുവലികള്‍ നടത്തുന്നതായി അദ്ദേഹം അരോപിച്ചു. ഇതു സംബന്ധിച്ച് സി.പി.എം നേതാക്കള്‍ക്കുള്ള ബന്ധങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും. ഓരോ വെടിയൊച്ച ഉയരുമ്പോഴും ജനങ്ങളുടെ മനസില്‍ ആധിയാണ്. പാറമടകളിലെ മാലിന്യം ഉടമകള്‍ നീക്കം ചെയ്യുന്നില്ല. ജല സ്രോതസുകളെവരെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ പാറമടകളിലെ നിയമലംഘനങ്ങളും, പരിസ്ഥിതി പ്രശ്‌നങ്ങളും മനസ്സിലാക്കുന്നതിന് ജനകീയ സമതികള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചതായും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.