കോഴിക്കോട്: കൂടത്തായി കൊലക്കേസിന്റെ വിചാരണ തുടരുകയാണ്. വിചാരണയ്ക്കിടയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തി ജോളിയുടെ സുഹൃത്തായ ജോണ്‍സണ്‍. കൂടത്തായി കൊലപാതകങ്ങള്‍ സംബന്ധിച്ച് ജോളി തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നുവെന്നും ജോണ്‍സണ്‍ കോടിയില്‍ പറഞ്ഞു. സാക്ഷിവിസ്താരത്തിലാണ് ജോണ്‍സന്റെ തുറന്നു പറച്ചില്‍. ബിഎസ്‌എന്‍എല്‍. ജീവനക്കാരനായ താനുമായി ജോളിക്ക് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു എന്നാണ് ജോണ്‍സണ്‍ കോടതിയില്‍ പറഞ്ഞത്. കേസില്‍ ഇരുപത്തിയൊന്നാം സാക്ഷിയാണ് ജോണ്‍സണ്‍.
കൂടത്തായി കൊലക്കേസുകളുടെ തുടര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് 2019-ഒക്ടോബര്‍ നാലിനാണ് അന്വേഷണസംഘം കല്ലറപൊളിക്കുന്നത്. അതിനുമുന്‍പ് ഒക്ടോബര്‍ രണ്ടിന് ജോളി തന്നെ വിളിച്ചു വരുത്തിയിരുന്നു. കല്ലറ പൊളിക്കുന്നത് തടയാനാവുമോ എന്നാണ് അന്ന് തന്നോട് ജോളി ചോദിച്ചത്. കല്ലറ പൊളിക്കുന്നത് എന്തിനാണ് തടയുന്നതെന്ന് ചോദിച്ചപ്പോഴാണ് ജോളി തന്നോട് കാര്യങ്ങള്‍ പറയുന്നത്. ബന്ധുക്കളുടെ മരണത്തില്‍ തനിക്കുള്ള പങ്കിനെക്കുറിച്ചും കല്ലറപൊളിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ചും ജോളി തന്നോട് വെളിപ്പെടുത്തുകയായിരുന്നു എന്നും ജോണ്‍സണ്‍ പറഞ്ഞു.
കല്ലറ പൊളിച്ച് അതിനുള്ളിലെ ശരീരഭാഗങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചാല്‍ താന്‍ കുടുങ്ങുമെന്ന് ജോളി ഭയപ്പെട്ടിരുന്നു എന്നാണ് ജോണ്‍സണ്‍ കോടതിയില്‍ വ്യക്തമാക്കിയത്. റോയി തോമസിന്റെ അമ്മ അന്നമ്മ തോമസിനെ വിഷംനല്‍കിയും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. കല്ലറ തുറക്കുന്നതിനുമുമ്ബ് മൃതദേഹാവശിഷ്ടങ്ങള്‍ മാറ്റണമെന്നായിരുന്നു ജോളിയുടെ ആവശ്യം. കുറ്റകൃത്യം പുറത്തുവരുമെന്ന് ഭയന്ന ജോളി കേസ് നടത്തണമെന്നും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോണ്‍സണ്‍ പറഞ്ഞു. അതിനായി സ്വര്‍ണാഭരണങ്ങളും തന്നെ ഏല്‍പ്പിച്ചിരുന്നതായി ജോണ്‍സണ്‍ വ്യക്തമാക്കി. ഭാര്യ അറിയാതെ സ്വകാര്യമായി മറ്റൊരുനമ്പറിലാണ് താന്‍ ജോളിയുമായി സംസാരിച്ചിരുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.
അതേസമയം ജോണ്‍സന്റെ ഈ വാദങ്ങള്‍ വിശ്വസനീയമല്ലെന്നാണ് ക്രോസ് വിസ്താരം നടത്തിയ അഭിഭാഷകന്‍ ഷഹീര്‍സിങ് കോടതിയില്‍ വ്യക്തമാക്കിയത്. ഇത്രയും വലിയൊരു സത്യാവസ്ഥ വെളിപ്പെടുത്താന്‍മാത്രം ആഴത്തിലുള്ള ബന്ധം ജോണ്‍സണുമായി ജോളിക്കുണ്ടോ എന്നകാര്യത്തിലും ഷഹീര്‍സിങ് സംശയം പ്രകടിപ്പിച്ചു. എടോണ ഷാജി സയനൈഡ് നല്‍കിയെന്ന് ജോളി പറഞ്ഞുവെന്നാണ് ജോണ്‍സണ്‍ പറയുന്നത്. എന്നാല്‍, എം എസ് മാത്യു എന്ന ഷാജിയെ മാത്രമേ തനിക്കറിയാവൂ എന്നാണ് ഷഹീര്‍ സിങ് പറയുന്നത്. രണ്ടാംപ്രതിയായ എംഎസ് മാത്യുവിന് വേണ്ടിയാണ് ഷഹീര്‍സിങ് ഷാജരായത്. 2017 മുതല്‍ 2019 വരെ രണ്ടാം ഭര്‍ത്താവ് ഷാജുവിനൊപ്പമാണ് ജോളി കഴിഞ്ഞിരുന്നത്. ആ കാലയളവില്‍ ജോളിയുമായി കൂടെക്കൂടെ സംവദിക്കാനും യാത്രനടത്താനുമുള്ള ഒരടുപ്പവും അവസരവും ജോണ്‍സനുണ്ടായിരുന്നില്ലെന്നും ഷഹീര്‍സിങ് കോടതിയില്‍ ചൂണ്ടിക്കാട്ടി.