തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റിനെ ഇന്ത്യയെ തന്നെ മറന്ന ബജറ്റെന്ന് വിശേഷിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ തൽക്കാലം താങ്ങി നിർത്താനുള്ള ബജറ്റാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്ന് ഒരു എം പി ഉണ്ടായാൽ പാലും തേനും ഒഴുക്കുമെന്നാണ് പറഞ്ഞതെന്ന് പരാമർശിച്ച കുഞ്ഞാലിക്കുട്ടി ഇപ്പോൾ എംപിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്നും ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നതെന്നും വിമർശിച്ചു.
ബജറ്റിൽ കേരളത്തോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്തത്ര അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും കുറ്റപ്പെടുത്തി. ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി വിമർശിച്ചു. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന രാജ്യത്തിന് അങ്ങേയറ്റം നിരാശയാണുണ്ടാക്കിയത്. മോദി സർക്കാരിന്റെ ജീവന് വേണ്ടിയുള്ള രാഷ്ട്രീയ വ്യായാമം മാത്രമാണ് ബജറ്റിൽ കണ്ടതെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. കേരളത്തിന് ഒരു പരിഗണനയും കിട്ടിയില്ല. കടപരിധി വെട്ടിക്കുറച്ചതിൽ പോലും ഒന്നും പറഞ്ഞില്ല. 24,000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം അവഗണിച്ചു. രാജ്യത്തിന് മുതൽക്കൂട്ടാകുന്ന വിഴിഞ്ഞത്തിന് ഒരു രൂപ പോലും മാറ്റി വച്ചില്ല. എയിസ് കിട്ടുമെന്ന് വാഗ്ധാനങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നും കേരളത്തിന് വേണ്ടി മാറ്റിവെച്ചില്ല. കേരളത്തിലെ ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാകും കേരളത്തിന്റെ അവഗണനക്കെതിരെ നിലപാട് എടുക്കണമെന്നും ബാലഗോപാൽ പറഞ്ഞു.