കവിയൂർ : മത്തിമലയിലെ കുടിവെള്ളപദ്ധതിയുടെ കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വം ഒഴിയുന്നു. ടെൻഡറിലെ പ്രശ്‌നങ്ങൾ പദ്ധതി വൈകാൻ ഇടയാക്കിയിരുന്നു. ഇക്കാര്യങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിനാൽ താമസിയാതെ മത്തിമല പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ. പഞ്ചായത്ത് 44 ലക്ഷം രൂപയാണ് ജല അതോറിറ്റിയിൽ അടച്ചത്. രണ്ടുവർഷം മുമ്പ് പണം അടച്ചിട്ടും ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയായില്ല. ഇതോടെ പദ്ധതി അനിശ്ചിതമായി നീളാനിടയായി. പലതവണ ടെൻഡർ വിളിച്ചങ്കെിലും തുക കുറവായതും പ്രശ്‌നമായി. 30 ശതമാനം അധികരിച്ചുള്ള തുകയാണ് ടെൻഡറിൽ പങ്കെടുത്തവർ നൽകിയത്. എന്നാൽ അധികം വരുന്ന തുകയിൽ 10 ശതമാനമേ ജലഅതോറിറ്റിക്ക് നൽകാൻ കഴിയൂ. അതുകൊണ്ട് ടെൻഡർ നടപടി എങ്ങുമെത്തിയില്ല. ഒടുവിൽ ഇക്കാര്യം തിരുവല്ലയിൽ നടന്ന താലൂക്കുസഭയ്ക്ക് മുമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു.
തുടർന്ന് മാത്യു ടി.തോമസ് എം.എൽ.എ. ഇടപെട്ട് ടെൻഡറിൽ അധികരിച്ചുവരുന്ന തുക അടയ്ക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് അറിയിച്ചു. അങ്ങനെ വീണ്ടും ടെൻഡർ നടത്തുകയായിരുന്നു. ഇതിൻപ്രകാരം അധികരിച്ച തുക പഞ്ചായത്ത് അടയ്‌ക്കേണ്ടതുണ്ട്. കവിയൂരിലേക്ക് വരുന്ന ഗണപതിക്കുന്നിലെ പമ്പിങ് ലൈനിൽനിന്നുള്ള വെള്ളം മത്തിമലയിൽ എത്തിക്കാനുള്ള പദ്ധതിയാണിത്. അതിനുവേണ്ടി ഗോകുലം പടിക്കൽനിന്ന് മത്തിമലയിൽ സ്ഥാപിച്ച ജലസംഭരണിയിലേക്ക് പുതിയ ലൈൻ വലിക്കേണ്ടതുണ്ട്. ഇതിനുവേണ്ടിവരുന്ന തുകയായ 44 ലക്ഷം രൂപയിൽ 29 ലക്ഷം രൂപ പഞ്ചായത്തും 15 ലക്ഷം ജില്ലാ പഞ്ചായത്ത് വിഹിതവുമാണ്. 25,000 ലിറ്റർ ശേഷിയുള്ള ടാങ്കാണ് മത്തിമലയിൽ നിലനിൽക്കുന്നത്. കവിയൂരിലെ അഞ്ച്, ആറ് വാർഡുകളിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാനാണ് മുമ്പിത് പണിതത്. ഉയർന്ന പ്രദേശമായ മത്തിമലയിൽ കുടിവെള്ളം മിക്കപ്പോഴും കിട്ടാറില്ല. ടാങ്കിലേക്ക് അടിച്ചുനൽകുന്ന ജലം ശേഖരിച്ചുകൊണ്ടുപോയാണ് മത്തിമല നിവാസികൾ ഉപയോഗിക്കുന്നത്.