തിരുവനന്തപുരം: സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ വെറും നനഞ്ഞപടക്കമായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഏക വ്യക്തി നിയമത്തിൽ സിപിഎമ്മിന്റെ തനിനിറം സെമിനാറിൽ പുറത്തു വന്നു. അതിന്‍റെ ജാള്യതയും സിപിഎമ്മിന്‍റെയും ബിജെപിയുടെയും നിലപാടുകളിലെ സാമ്യതയും ചര്‍ച്ചയാകെതിരിക്കാനാണ് മരുമോന്‍ മന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
ഏക വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന സിപിഎമ്മിന്‍റെയും ബിജെപിയുടെയും അജണ്ട നടപ്പിലാക്കുന്നതിന് സെമിനാര്‍ വേദി സി പി എം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. ക്ഷണം സ്വീകരിച്ചെത്തിയവരില്‍ ഭൂരിഭാഗവും സിപിഎമ്മിന്‍റെ അജണ്ടയെ സംഘടിതമായി അതേ വേദിയില്‍ വെച്ച് എതിര്‍ത്തത് സിപിഎമ്മിന്‍റെ ഗൂഢനീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് നേരത്തെ തിരിച്ചറിഞ്ഞാണ് മുസ്ലീം ലീഗ് അത് തള്ളിക്കളഞ്ഞത്. പ്രമുഖരായ നേതാക്കളും വ്യക്തികളും വിട്ടു നിന്നു. വൈവിധ്യങ്ങളും ബഹുസ്വരതയും നിലനിൽക്കുന്ന ഇന്ത്യയിൽ ബിജെപിയുടെ ഏകശിലാത്മക ദേശീയതയും അതിനെ പിന്തുണയ്ക്കുന്ന സിപിഎമ്മിന്‍റെ നിലപാടും ആശാസ്യമല്ല. ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് ഇക്കാര്യത്തിൽ സ്ഥായിയായ നിലപാടുണ്ടെന്നും അതിന് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.