തിരുവനന്തപുരം; ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിഡി സതീശൻ്റേത് വർഗീയവാദികളുടെ നിലപാടാണെന്ന് റിയാസ് കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടാണ് പ്രതിപക്ഷ നേതാവിന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സെമിനാറിനെ എതിർക്കുന്നത് ജമാഅത്ത് അജണ്ടയോടെയാണ് എന്ന് മന്ത്രി പറയുന്നു. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും എടുത്ത നിലപാടുകളിൽ കോൺഗ്രസ് അണികൾ അതൃപ്തരാണ്. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സെമിനാറുകൾ രാജ്യത്ത് നടക്കും. അതിൻ്റെ തുടക്കമാണ് കോഴിക്കോട് നടക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്ന കൂട്ടായ്മയാണ് ഈ സെമിനാറെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി തുടക്കത്തിൽ മൃദുവായ സമീപനം സ്വീകരിച്ചു. കോൺഗ്രസിന്റെ നേതാക്കളും ഏക സിവിൽ കോഡിന് അനുകൂലമായ നിലപാടുകൾ എടുക്കുന്നു. കോൺഗ്രസിനെ സെമിനാറിന് വിളിക്കാതിരുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് കാരണം. ഏക സിവിൽ കോഡ് വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടാണ് പ്രതിപക്ഷ നേതാവിന്. വർഗീയവാദികൾക്ക് സമർപ്പിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് പയറ്റുന്നത്. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും എടുത്ത നിലപാടുകളിൽ കോൺഗ്രസ് അണികൾ അതൃപ്തരാണ്.
പ്രതിപക്ഷ നേതാവിനെ അന്ധമായ മാർക്സിസ്റ്റ് വിരോധമുണ്ട്. യുഡിഎഫ് അണികളിൽ പലരും ഈ സെമിനാറിനോട് യോജിപ്പിലാണ്. തെരഞ്ഞെടുപ്പോ വോട്ട് ബാങ്കോ ലക്ഷ്യം വച്ചല്ല ഞങ്ങൾ നിലപാടുകൾ എടുക്കുന്നത്. യുഡിഎഫിനോട് അതൃപ്തരായ പലരും ഈ സെമിനാറിനോട് സഹകരിക്കും. ബിജെപിയുടെ ഇടപെടൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ്. ഏക സിവിൽ കോഡ് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്. ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെ കടുത്ത പ്രതിഷേധത്തിലാണ്. ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ ലക്ഷ്യമിട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.