കോഴിക്കോട്: ഏക സിവിൽ കോഡിൽ സി.പി.എം ബി.ജെ.പിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. ഇക്കാര്യത്തിൽ ഇരു പാർട്ടികൾക്കും ഒരേ നിലപാട്. അത് എപ്പോൾ നടപ്പിലാക്കണമെന്നത് സംബന്ധിച്ച് മാത്രമാണ് ഇരു പാർട്ടികളും തമ്മിൽ തർക്കം നിലനിൽക്കുന്നതെന്ന് എം.കെ മുനീർ പറഞ്ഞു. മുസ്‍ലിം വ്യക്തിനിയമം മാറ്റണമെന്ന കാര്യത്തിൽ ഇവർക്കെല്ലാം ഒരേനിലപാടാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സെമിനാറിൽ ബി.ഡി.ജെ.എസ് അംഗം പങ്കെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുനീർ.
സെമിനാറിൽനിന്ന് ലീഗ് വിട്ടുനിൽക്കുന്നതിന്റെ കാരണം സാദിഖലി തങ്ങൾ വ്യക്തമാക്കിയതാണ്. അത് ആവർത്തിക്കേണ്ട കാര്യമില്ലെന്നും മുനീർ പറഞ്ഞു. സമസ്ത സെമിനാറിൽ പങ്കെടുക്കുമ്പോഴും എം.എസ്.എഫ് നേതാക്കൾ സി.പി.എമ്മിനെ വിമർശിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സമസ്തയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമസ്ത നേതാക്കളോട് ചോദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.