ന്യൂഡൽഹി : കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും നിർത്തലാക്കാൻ ഇന്ത്യക്ക് അവകാശമുണ്ടായിരുന്നു. അത് ഞങ്ങൾ ചെയ്തു. ഉടമ്പടിയുടെ ആമുഖത്തിൽ കരാർ ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമർശിച്ചിരുന്നു. പക്ഷേ പാകിസ്ഥാൻ അത് ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് സിന്ധൂനദീജലക്കരാർ ഇന്ത്യ റദ്ദാക്കിയത്.
ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം ഞങ്ങൾ ഉപയോഗിക്കും. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. വെള്ളത്തിന്റെ കുറവ് പാകിസ്ഥാനെ ദുരിതത്തിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച കോൺഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ചിനാബ് നദിയിലൂടെയുള്ള ജലമൊഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചെന്ന വാദവുമായി പാകിസ്ഥാൻ രംഗത്ത് എത്തിയിരുന്നു. സാധാരണയെക്കാൾ സീസണിലെ ജലമൊഴുക്ക് 21 ശതമാനം കുറഞ്ഞെന്നാണ് പാകിസ്ഥാന്റെ വാദം. സംഭരണികളിലെ വെള്ളത്തിൻറെ അളവിൽ 50 ശതമാനം കുറവുണ്ടായെന്ന് പാകിസ്ഥാൻ പറഞ്ഞു. എന്നാൽ പാകിസ്ഥാൻ യഥാർത്ഥ വിഷയം അവഗണിക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നടപടികൾ കടുപ്പിച്ചിരുന്നു.