തിരുവല്ല : വഖഫ് ബിൽ മൂലം മുനമ്പം ഭൂമി പ്രശ്നത്തിനു പരിഹാരം ഉണ്ടാകില്ലെന്ന കേന്ദ്ര പാർലമെന്റ്റി കാര്യ മന്ത്രി കിരൺ റിജ്ജുവിന്റെ പ്രസ്താവന രാജ്യസഭയിലെ വഖഫ് നിയമ ഭേദഗതി ബിൽ ചർച്ചാവേളയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സ്വീകരിച്ച നിലപാടാണു ശരി എന്ന് തെളിയിക്കുന്നതായി കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം സെക്രട്ടറിയും കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറിയുമായ ബിജു നൈനാൻ മരുതുക്കുന്നേൽ പ്രസ്താവിച്ചു
ജോസ് കെ മാണി രാജ്യസഭയിൽ എന്തുകൊണ്ട് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തില്ല എന്ന് പലരും ചോദിച്ചിരുന്നു. വഖഫ് ബിൽ കൊണ്ടുവന്നതിനു പിന്നിൽ ബിജെപി സർക്കാരിനു നിയമത്തിലെ അപാകതകൾ പരിഹരിക്കുക എന്നതിലുപരി ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കുക എന്ന താല്പര്യം ആണെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടിയിരുന്നു. മുൻപുണ്ടായിരുന്ന നിയമത്തിലെ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശധ്വസനപരവും നിയമവാഴ്ച്ചയുടെ അന്ത:സത്തയ്ക്ക് യോജിക്കാത്തതുമായ രണ്ടു വ്യവസ്ഥകളുടെ ഭേദഗതിയെ ജോസ് കെ മാണി പാർലമെന്റിൽ അനുകൂലിച്ചിരുന്നു. അതോടൊപ്പം വഖഫ് ഭേദഗതി ബില്ലിലെ അപാകതകളും അദ്ദേഹം രാജ്യസഭയിൽ ചെയ്ത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആ നിലപാടുകൾ ആയിരുന്നു ശരിയെന്നതിന് കഴിഞ്ഞ ദിവസം മുനമ്പത്തെത്തിയ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന്റെ വാക്കുകൾ അടിവരയിടുകയാണ്.
ബിജെപി എല്ലാ കാര്യങ്ങളിലും എന്ന പോലെ മുനമ്പം പ്രശ്നത്തിലും ഊതിവീർപ്പിച്ച വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വഖഫ് ബിൽ പാസാക്കിയതിന്റെ പേരിൽ മുനമ്പം പ്രദേശത്ത് കേന്ദ്ര മന്ത്രിയെ ഉൾപ്പെടെ അണിനിരത്തി “നന്ദി മോദി”എന്ന പേരിൽ സമ്മേളനം നടത്തിയ കേരളത്തിലെ എൻഡിഎ നേതൃത്വം മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാതെ തങ്ങൾക്ക് തുടർന്നും രാഷ്ട്രീയ മുതലെടുപ്പും വിദ്വേഷ പ്രചരണങ്ങളും നടത്താൻ അവസരമൊരുക്കിയതിനാണ് മോദിക്ക് നന്ദി അർപ്പിച്ചതെന്നും ബിജു നൈനാൻ പറഞ്ഞു.