മുംബൈ : കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര രത്നഗിരി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ മർദ്ദിക്കുമായിരുന്നെന്ന പ്രസ്താവനയാണ് ഇദ്ദേഹത്തെ കുടുക്കിയത്.
കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
നാരായൺ റാണെയുടെ പ്രസ്താവന ശിവ്‌സേന പ്രവർത്തകരെ പ്രകോപിപ്പിച്ചിരുന്നു. സംസ്ഥാനത്തെമ്പാടും പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. റാണെയുടെ വസതിയിലേക്ക് ശിവസേന നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ബി.ജെ.പി പ്രവർത്തകരാണ് ഇവരെ തടഞ്ഞത്. ജുഹുവിൽ റാണെയുടെ വസതിക്ക് മുന്നിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.