തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് നൽകാനുള്ള സഹായത്തിന്റെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുതെന്നും അല്ലെങ്കിൽ മണ്ടൻ കളിച്ച് ജനങ്ങളെ മുഖ്യമന്ത്രി കബളിപ്പിക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ നിയമങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണ ഉണ്ടാകണമെന്നും കേന്ദ്രം ഞെരുക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും അറിയിക്കുന്ന കണക്കുകൾ വ്യത്യസ്തമാണെന്നും മുരളീധരൻ ആരോപിച്ചു. 57400 ന്റെ കൊട്ടത്തുകയാണ് മുഖ്യമന്ത്രി പറഞ്ഞെതെന്നും വിശദാംശങ്ങൾ നൽകിയത് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 521 കോടി രൂപ കേരളം ആവശ്യപ്പെട്ടപ്പോൾ, 602. 14 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി കേന്ദ്രം നൽകിയെന്നും ഒക്ടോബർ മാസമാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഈ പണം എന്ത് ചെയ്തുവെന്നും ചോദിച്ചു. ഇത്രയും അധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ എന്തുകൊണ്ട് സംസ്ഥാനം അപേക്ഷ നൽകിയില്ലെന്നും ചോദിച്ചു.
യുജിസി 750 കോടി കുടിശ്ശിക നൽകാനുണ്ടെന്ന് കേരളം പറയുന്നുണ്ടെന്നും ഈ പണത്തിനായി അപേക്ഷിക്കേണ്ട സമയത്ത് അപേക്ഷിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 2022 മാർച്ച് 31നകം ഈ പണത്തിനുവേണ്ടി അപേക്ഷിക്കണമായിരുന്നുവെന്നും പറഞ്ഞു. കേന്ദ്രം ഇത് സംബന്ധിച്ച് സംസ്ഥാനത്തെ പലതവണ ഓർമ്മിപ്പിച്ചിരുന്നതായും അവകാശപ്പെട്ടു. കേരളത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് ഈ പണം കിട്ടാത്തതെന്നും ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുരളീധരൻ പറഞ്ഞു. മൂലധന നിക്ഷേപം ഫണ്ടിലേക്ക് 1925 കോടി ലഭിക്കാനുണ്ടെന്ന് കേരളം പറയുന്നുവെന്നും ഈ പണം അനുവദിച്ചിട്ടും വേണ്ട രേഖകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.