തിരുവനന്തപുരം: ഇന്ത്യയില്‍ വരും വര്‍ഷങ്ങളില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്ന വലിയ അവസരങ്ങളില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന വളരെ പ്രധാനപ്പെട്ട പദ്ധതികളാണ് ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ കരിയറിയും ഭാവിയിലും വലിയ അവസരങ്ങളാണിത് തുറന്നിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെയെല്ലാം ശരിയായ ഗുണഭോക്താക്കള്‍ ഇന്നത്തെ വിദ്യാര്‍ത്ഥികളാണ്- അദ്ദേഹം പറഞ്ഞു. തിരുവന്തപുരം നിംസ് മെഡിസിറ്റിയില്‍ നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നിംസ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച നാനാജിസാറ്റ് സാറ്റലൈറ്റിന്റെ അവതരണവും മന്ത്രി നിര്‍വഹിച്ചു.
ശരാശരി ഇന്ത്യക്കാരന് വിജയിക്കണമെങ്കില്‍ ഇവിടെ വലിയൊരു വിടവ് ഉണ്ടായിരുന്നു. വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരോ, വലിയ സ്വാധീനമുള്ളവര്‍ക്കോ മാത്രമായിരുന്നു വിജയിക്കാന്‍ അവസരമുണ്ടായിരുന്നത്. ഇന്ന് നൂതനാശയങ്ങളുള്ള ഏതു യുവ പ്രതിഭകള്‍ക്കും വിജയകരമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ഇവിടെ അവസരമുണ്ട്- മന്ത്രി പറഞ്ഞു. പഴയ ഇന്ത്യയില്‍ നിന്നും വിപ്ലവകരമായ പരിവര്‍ത്തനമാണ് പുതിയ ഇന്ത്യയില്‍ സംഭവിച്ചത്. പഴയ ഇന്ത്യയില്‍ 100 രൂപ ചെലവഴിച്ചാല്‍ വെറും 15 രൂപ മാത്രമാണ് യഥാര്‍ത്ഥ ഗുണഭോക്താവിന് ലഭിക്കുന്നതെന്ന് പറഞ്ഞത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. ഇന്ന് 100 രൂപ അയച്ചാല്‍ പൂര്‍ണമായും അത് ഗുണഭോക്താക്കളിലെത്തുന്ന ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി. ഇതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി.
ഇന്ത്യയില്‍ വന്‍കിട അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടക്കില്ല, ശരാശരി വളര്‍ച്ച മാത്രമെയുള്ളൂ എന്നെല്ലാം പ്രചരണമുണ്ടായിരുന്നു. ചൈനയാണ് ഇത് നന്നായി ആസ്വദിച്ചത്. മൂന്ന് പതിറ്റാണ്ടോളം കാലം ചൈന ഇത്തരമൊരു പ്രൊപഗണ്ട നടത്തി. മുന്‍കാലത്ത് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കില്ല എന്നെല്ലാമായിരുന്നു പ്രചരണം. എന്നാല്‍ ഇതേ ഇന്ത്യയും ഇതേ ഇന്ത്യക്കാരും തന്നെയാണ് പുതിയ കാലത്ത് സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിപ്ലവകരമായ മാറ്റങ്ങളെല്ലാം സാധ്യമാക്കിയത്. ഇന്ന് 11 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചെലവഴിച്ചത്. ഇന്ത്യ ഇന്ന് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദകരാണ്. സെമി കണ്ടക്ടര്‍ വികസന രംഗത്ത് വിപുലമായ ഒരു ഇക്കോ സിസ്റ്റം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ സൃഷ്ടിച്ചു. ഇന്റല്‍ പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ന് ഇന്ത്യയില്‍ ഇന്ന് പ്രധാന ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇതാണ് ഇന്ത്യയുടെ പുരോഗതി. മുന്‍കാലത്ത് പ്രചരിപ്പിക്കപ്പെട്ടതിന് വിപരീതമായി കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യ വലിയ വളര്‍ച്ചയാണ് കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.