പത്തനംതിട്ട: പ്രകൃതിദുരന്തത്തില്‍ വീടിന് ഉണ്ടായ നാശനഷ്ടത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിട്ടും നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ 4.17ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി. കോയിപ്രം കുറ്റിക്കാട്ടു കിഴക്കേതിൽ വീട്ടിൽ യോഹന്നാൻ വർഗീസ് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഇൻഷുറൻസ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് 4,17,000 രൂപാ ഹർജിക്കാരന് നൽകാൻ വിധിയുണ്ടായത്. കുമ്പനാടു എസ്.ബി.ഐ ബ്രാഞ്ചു മുഖാന്തരം വീടുവെയ്ക്കുന്നതിനു വേണ്ടി ലോൺ എടുത്തിരുന്നു.
ലോൺ എടുത്തപ്പോൾ തന്നെ ബാങ്ക് മുഖാന്തരം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഇൻഷുറൻസ് പോളിസിയും എടുത്തിരുന്നു. ഏതെങ്കിലും പ്രകൃതിക്ഷോഭമോ അല്ലാതെയോ വീടിന് നാശനഷ്ടങ്ങൾ ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടുന്നതിനുവേണ്ടിയാണ് ലോൺ എടുത്തപ്പോൾ തന്നെ പോളിസിയും എടുത്തത്. 2018 ലെ വെളളപ്പൊക്കത്തിൽ വീടിന് 4,43,446 രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി നിയമിതനായ വിദഗ്ദര്‍ തിട്ടപ്പെടുത്തുകയുണ്ടായി. എന്നാൽ 61,500 രൂപാ മാത്രമാണ് ഇൻഷുറൻസ് കമ്പനി വീടിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരമായി കൊടുത്തത്.
ഇൻഷുറൻസ് കമ്പനി നൽകിയ തുക കുറഞ്ഞുപോയ വിവരം കാണിച്ചു കൊണ്ടാണ് ഹർജിക്കാരൻ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയക്കുകയും കമ്മീഷനിൽ ഹാജരായ ഇരുകൂട്ടരും തെളിവുകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിനും ഉപകരണങ്ങൾക്കും വൻനാശനഷ്‌ടങ്ങൾ ഉണ്ടായിട്ടും എക്സ്പെര്‍ട്ട് കമ്മീഷൻ കണ്ടെത്തലുകളെ അവഗണിച്ചുമാണ് വളരെ തുച്ചമായ തുക ഇൻഷുറൻസ് കമ്പനി ഹർജി കക്ഷിയ്ക്ക് നൽകിയത്. എക്സ്പെര്‍ട്ട് കമ്മീഷൻ്റെ തിട്ടപ്പെടുത്തലുകൾ ന്യായമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും ഹർജിക്കാരന് നേരത്തെ നൽകിയ 61,500 രൂപ കുറവാണെന്നും നാശനഷ്ടങ്ങളുടെ വിലയായി 3,81,946 രൂപയും, 25,000 നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും ഉൾപ്പെടെ 4,17,000 രൂപ ഇൻഷുറൻസ് കമ്പനി ഹർജികക്ഷിയ്ക്ക് നൽകാൻ വിധി പ്രസ്‌താവിക്കുകയാണ് ചെയ്‌തത്. കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.