ന്യൂയോർക്ക് : കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,185 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,67,000 കടന്നു. ഇറ്റലിയില്‍ 683 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിക്കു പിന്നാലെ സ്പെയിനിലും മരണസംഖ്യ ഉയരുകയാണ്. 2300ഓളം പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 683 മരണം ഇറ്റലിയിലാണ്. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇറ്റലിക്ക് സമാനമായ സ്ഥിതിയിലേക്ക് നീങ്ങുകയാണ് സ്പെയിന്‍. 656 പേരാണ് ഇന്നലെ മാത്രം സ്പെയിനില്‍ മരിച്ചത്.
ഇറാനില്‍ 143 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 2077 ആയി. ഫ്രാന്‍സില്‍ 231 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഫ്രാന്‍സില്‍ ആകെ കൊവിഡ് മരണം 1331 ആയി. യുഎസില്‍ ഇന്നലെ മാത്രം 151 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 931 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
കൊവിഡ് ബാധിത രാജ്യങ്ങളെ ലോകം ഒറ്റക്കെട്ടായി സഹായിക്കണമെന്ന് യുഎന്‍ അഭ്യര്‍ത്ഥിച്ചു. രോഗം ബാധിച്ച ദരിദ്ര രാഷ്ടങ്ങള്‍ക്ക് രണ്ട് ബില്യണ്‍ ഡോളറിന്റെ സഹായം ആവശ്യമാണെന്നും യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കൊറോണ വൈറസ് മാനവരാശിക്കാകെയുള്ള ഭീഷണിയാണ്. ആഗോളതലത്തിലുള്ള നടപടികളും ഐക്യവുമാണ് ഈ ഘട്ടത്തില്‍ പ്രധാനമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടു.