കാലിഫോര്‍ണിയ: കാലാവസ്ഥാ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. കടന്നുപോയത് ഉത്തരാര്‍ധഗോളത്തിന്റെ ചരിത്രത്തിലെ ചൂടേറിയ വേനലെന്ന ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ കണക്കുകള്‍ അധികരിച്ചാണ് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞത് ചരിത്രത്തിലെ ചൂടേറിയ ആഗസ്ത് മാത്രമല്ല, ചരിത്രത്തിലെ രണ്ടാമത്തെ ചൂടേറിയ മാസവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നുവര്‍ഷമായി സമുദ്രതാപനിലയും വളരെ ഉയര്‍ന്ന നിലയിലാണ്. ‘കാലാവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തകരുകയാണ്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഇതിന്റെ ഭാഗമാണ്’ – യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.