കൊച്ചി : യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിണ്ടന്റ് ഹാരിസ് മണലുംപാറയെ അന്വേഷണ വിധേയമായി യുഎൻഎ യിൽ നിന്ന് സസ്പെന്റ് ചെയ്തു. നഴ്സിങ്ങ് കൗൺസിൽ അംഗത്വം ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തുക, സൗജന്യമായി നടപ്പാക്കാൻ കഴിയുന്ന എൻയുഐഡി രജിസ്ട്രേഷന് നഴ്സുമാരുടെ കയ്യിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുക എന്നിവ സംബന്ധിച്ച് ഡി ജി പി അന്വേഷത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് യു എൻ എ സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചത്.
പരാതികളെക്കുറിച്ച് അന്വേഷിക്കാൻ യു എൻ എ ഉന്നതാധികാര സമിതിയേയും സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയതായി സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അറിയിച്ചു. പരാതിയെത്തുടർന്ന് നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. യുഎന്‍എ ദേശീയ വൈസ് പ്രസിണ്ടന്റ് ഹാരിസ് മണലുംപാറ, യു എന്‍ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിബി മുകേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ എറണാകുളം റൂറല്‍ എസ് പിയ്ക്കാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ( PCST 2/77193/2020 PHQ dpc Ernakulam rural 29715/2020/E )
ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ യദു നാരായണന്‍ ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയില്‍ പോലീസ് ആസ്ഥാനത്തെ സ്‌പെഷല്‍ ടീം പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് തുടര്‍ നടപടികള്‍ക്കായി എറണാകുളം റൂറല്‍ എസ്പിയ്ക്ക് കൈമാറിയിരിക്കുന്നത്. എന്‍യുഐഡി ( നഴ്‌സസ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഇതിന്റെ രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ നഴ്‌സുമാര്‍ക്കായി നല്‍കുന്ന സൗജന്യ രജിസ്‌ട്രേഷനാണ്. ഇത് ഇവര്‍ രണ്ട് പേരും പണം തട്ടിയെടുക്കാനുള്ള മാര്‍ഗമാക്കി മാറ്റിയതായാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫിനോ പേടെക് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ സ്ഥാപനവുമായി ചേര്‍ന്ന് നഴ്‌സിംഗ് കൗണ്‍സില്‍ മെമ്പറായ സിബി മുകേഷിന്റെ പള്‍സ് അക്കാദമിയും ഹാരിസിന്റെ സാന്റ അക്കാദമിയുമാണ് രജിസ്‌ട്രേഷനായി പ്രവര്‍ത്തിച്ചത് എന്നും പരാതിയില്‍ പറയുന്നു. ഇവര്‍ രണ്ടുപേരും യു.എന്‍.എയുടെ ഭാരവാഹികള്‍ കൂടിയായതിനാല്‍ നഴ്‌സുമാരെ എളുപ്പത്തില്‍ സംഘടിപ്പിക്കാനും കഴിഞ്ഞു. ഒരു കുട്ടിയില്‍ നിന്ന് 150 മുതല്‍ 250 രൂപ വരെയാണ് ഫീസ് വാങ്ങിയിരുന്നത്. പതിനായിരക്കണക്കിന് പേരില്‍ നിന്നും ഇത്തരത്തില്‍ അനധികൃത പിരിവ് നടത്തിയിട്ടുണ്ടെന്നാണ് ആക്ഷേപം.
കേരള നഴ്‌സിംഗ് കൗണ്‍സില്‍ പദവിയില്‍ ഇരുന്നുകൊണ്ട് ഹാരിസും സിബി മുകേഷും സ്വകാര്യ നഴ്‌സിംഗ് പരിശീലന കേന്ദ്രങ്ങള്‍, റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ എന്നിവ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തി വരുന്നതിന്റെ വിശദാംശങ്ങളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. സാന്റ അക്കാദമി എന്നപേരില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്ഥാപനവും ഐഇഎല്‍ടിഎസ് കോച്ചിംഗ് സെന്ററും ഇതോടനുബന്ധിച്ച് പി.എസ്.സി ട്രെയിനിംഗ് സെന്ററുകളും ബന്ധുക്കളെ മുന്‍നിര്‍ത്തി കൊച്ചി കേന്ദ്രമാക്കി നടത്തുന്നത് ഹാരിസ് മണലംപാറയാണ്.
സിബി മുകേഷ് തിരുവനന്തപുരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനില്‍ ഈ കമ്പനിയുമായി ബന്ധപ്പെട്ട് ബിസിനസ് പാര്‍ട്ട്ണറായി ചേരുകയും ക്ലാസുകള്‍ എടുക്കുകയും സ്വന്തം നിലയ്ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഭീമമായ ഫീസ് ഈടാക്കി നടത്തുകയുമാണ് ഇയാള്‍ ചെയ്യുന്നത്. സിബി മുകേഷിന്റെ സ്ഥാപനത്തിന്റെ പേര് പള്‍സ് അക്കാദമി എന്നാണ്. റെയില്‍വേ സ്റ്റാഫ് നഴ്‌സ് പരീക്ഷയ്ക്കായി 2019 ല്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം തുടങ്ങി നിരവധി ജില്ലകളില്‍ ഇവര്‍ കോച്ചിംഗ് ക്ലാസുകളും നടത്തിയിട്ടുണ്ട്.
നഴ്‌സുമാരില്‍ നിന്നും ഇതിനായി ആദ്യഘട്ടത്തില്‍ 8500 രൂപയാണ് ഫീസ് വാങ്ങിയത്. ക്ലാസുകള്‍ കൃത്യമായി നടത്താതെ കുട്ടികളെ പറ്റിക്കുന്ന ഇടപാടാണ് ഇവര്‍ നടത്തിയിരുന്നത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് അന്വേഷണ വിധേയമായി യുഎൻഎ യിൽ നിന്ന് സസ്പെന്റ് ചെയ്തത്.