തിരുവനന്തപുരം : എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 23 ബ്രാഞ്ചുകളിലായി പരീക്ഷയെഴുതിയ 28,424 വിദ്യാർഥികളിൽ 14,743 പേർ വിജയിച്ചു. മുൻ വർഷങ്ങളെക്കാൾ ഉയർന്ന വിജയ ശതമാനമാണിത്. 2019, 2020 വർഷങ്ങളിൽ യഥാക്രമം 36.5, 46.5 ശതമാനമായിരുന്നു വിജയം.
ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ വിജയശതമാനം യഥാക്രമം 68.08, 72.77, 55.46, 46.02 എന്നിങ്ങനെയാണ്. ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് കൂടുതൽ കുട്ടികൾ വിജയിച്ചത്. വിജയശതമാനം 53.40. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. 11,186 പേരിൽ 7335 പേരും വിജയിച്ചു. ശതമാനം 65.57. ആൺകുട്ടികളുടെ വിജയശതമാനം 42.97 ശതമാനമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ 939 വിദ്യാർഥികളിൽ 262 പേരും (27.9 ശതമാനം) ലാറ്ററൽ എൻട്രി വിഭാഗത്തിലെ 1914 പേരിൽ 570 പേരും (29.78 ശതമാനം) വിജയികളായി. വിജയിച്ച 14,743 പേരിൽ 3008 വിദ്യാർഥികൾ (20.4 ശതമാനം) ബി.ടെക്. ഓണേഴ്സ് ബിരുദത്തിന് അർഹരായി.
കോവിഡ് സാഹചര്യത്തിൽ എട്ടാം സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായാണ് നടന്നത്. കോഴ്സ് കാലാവധിക്കുള്ളിൽ തന്നെ മുൻ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നതെന്ന് വൈസ് ചാൻസലർ എം.എസ് രാജശ്രീ പത്രസമ്മേളനത്തിൽ പറഞ്ഞു.