ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് 16 പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മന്ത്രിതല അന്വേഷണ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. മരണത്തിനിടയാക്കിയ സാഹചര്യം പഠിക്കാനും മരിച്ചവരുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാനും അദ്ദേഹം നിര്‍ദേശം നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ ആരോഗ്യവകുപ്പ്, കൃഷി വകുപ്പ്, ജലവകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധരും അംഗങ്ങളാണ്. കേന്ദ്ര അന്വേഷണ സംഘം പ്രാദേശിക ഭരണക്കൂടവുമായി ചേര്‍ന്ന് മുന്‍കരുതല്‍ നടപടികളും സഹായ നടപടികളും ഏകോപിപ്പിക്കും.
അതുപോലെ മരിച്ചവരുടെ സാംപിളുകളില്‍ കണ്ടെത്തിയ ന്യൂറോടോക്‌സില്‍ മരണത്തിന് കാരണമായെന്ന നിഗമനത്തിലാണ് അധികൃതര്‍. പ്രദേശത്തെ അരുവിയില്‍ നിന്നുളള ജലം ആവശ്യങ്ങള്‍ക്കായി എടുക്കരുതെന്ന് ജമ്മു കശ്മീര്‍ ഭരണക്കൂടം അറിയിച്ചു. കീടനാശിനിയുടെയും സാന്നിധ്യം അരുവിയില്‍ നിന്നുള്ള ജലത്തിന്റെ സാംപിളുകളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത് അറിയിപ്പ്. 2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുളള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാന ലക്ഷണങ്ങള്‍.