തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് ഇന്ന് മുതല്‍ ഇളവ്. സംസ്ഥാനത്ത് അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റ് എല്ലാ സ്ഥലങ്ങളിലും ലോക്ക് ഡൗണ്‍ അര്‍ദ്ധ രാത്രി മുതല്‍ ഒഴിവാക്കി.
ഇനി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അനുസരിച്ച് നാല് വിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങള്‍. ഇന്ന് പുലര്‍ച്ച 12 മണി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. അടുത്ത അവലോകന യോഗം ചേരുന്ന ബുധനാഴ്ച വരെയാണ് ബാധകം.
കാറ്റഗറി എ (ടിപിആര്‍ എട്ടില്‍ താഴെ)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനം വരെയുള്ള മേഖലയാണ് കാറ്റഗറി എ. ഇതില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പിനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 25 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ശേഷിച്ചവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടി.
എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുള്‍പ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. ഓട്ടോ, ടാക്സി പ്രവര്‍ത്തിക്കാം. ഡൈവര്‍ക്ക് പുറമെ ടാക്‌സികളില്‍ മൂന്ന് യാത്രക്കാരെയും ഓട്ടോകളില്‍ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങള്‍ ആണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല. ബീവറേജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.
പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട്ഡോര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പാഴ്‌സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം. ഹോം ഡെലിവറി രാത്രി 9.30 വരെ.
വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.
കാറ്റഗറി ബി (ടിപിആര്‍ എട്ട് മുതല്‍ 20 വരെ)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് മുതല്‍ 20 ശതമാനം വരെ ഉള്ള കാറ്റഗറി ബി തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പിനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 25 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ശേഷിച്ചവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടി.
അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും.
ബീവറേജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം. എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട്ഡോര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങള്‍ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം.
വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.
കാറ്റഗറി സി (ടിപിആര്‍ 20ന് മുകളില്‍)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളില്‍ ഉള്ള കാറ്റഗറി സി പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകള്‍ (വിവാഹാവശ്യത്തിന് ടെക്സ്റ്റൈല്‍സ്, ജ്വല്ലറി, ഫൂട്ട് വെയര്‍, വിദ്യാര്‍ഥികള്‍ക്ക് ബുക്ക്സ് ഷോപ്പ്, റിപ്പയര്‍ സര്‍വീസുകള്‍) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം.
കാറ്റഗറി ഡി (ടിപിആര്‍ 30ന് മുകളില്‍)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കുന്ന തരം സമ്പൂര്‍ണ ലോക്ഡൗണാണ് നടപ്പാക്കുക.