തിരുവനന്തപുരം: റേഷൻ കരാറുകാരുടെ അനാവശ്യ സമര രീതികളെ കർശനമായി നേരിടുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സമരം റേഷൻ വിതരണത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും തുടർച്ചയായി ബാങ്ക് അവധികൾ വന്നതിനാൽ ആണ് തുക കരാറുകാരുടെ അക്കൗണ്ടിൽ എത്താൻ വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റേഷൻ വ്യാപാരികൾ സമരം നടത്തി വരികയായിരുന്നു. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വാതിൽപ്പടി കരാറുകാരുടേതായിരുന്നു സമരം.
കരാറുകളുടെ തുക ലഭിക്കാൻ വൈകി എന്ന് കാട്ടി നടത്തിയ സമരം നിരുപാധികം പിൻവലിക്കുകയായിരുന്നുവെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. സമരം കൊണ്ട് സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഒരു കുറവും വന്നിട്ടില്ലെന്നും ഇന്നലെ മാത്രം 3.6 ലക്ഷം ആളുകൾ റേഷൻ വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കുന്നു. അതുപോലെ തന്നെ ഈ മാസം 40 ലക്ഷത്തിലധികം ആളുകൾ റേഷൻ വാങ്ങുകയും ചെയ്തിട്ടുണ്ട്.