തിരുവനന്തപുരം: മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ രാജി വെച്ചു. പകരം മീഡിയാവണ്ണിലെ രാജീവ് ദേവരാജിനെ ചാനലിന്റെ തലപ്പത്ത് എത്തിക്കാനാണ് മാതൃഭൂമിയുടെ നീക്കം.
കഴിഞ്ഞ ദിവസമാണ് ഉണ്ണി ബാലകൃഷ്ണന്‍ തല്‍സ്ഥാനം രാജിവെച്ചത്. ചാനലിന്റെ റേറ്റിങ് കുറയുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി പൊട്ടലും ചീറ്റലും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എംഡിയടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ഭിന്നത രൂക്ഷമായി. തുടര്‍ന്ന് താന്‍ സ്ഥാനമൊഴിയുകയാണെന്ന് ഉണ്ണി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ന്യൂസ് ചാനലുകളില്‍ നന്നേ പിന്നിലാണ് മാതൃഭൂമി. ഇതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്.
ഉണ്ണി ബാലകൃഷ്ണനു പിന്നാലെ പ്രധാന അവതാരകന്‍ വേണു ബാലകൃഷ്ണനും സ്ഥാപനം വിട്ടേക്കുമെന്നാണ് സൂചന. കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ സ്ഥാപനം പിരിച്ചുവിടുമെന്നും സൂചനയുണ്ട്. റേറ്റിങ്ങില്‍ പിന്നില്‍ പോയത് ചാനലിന്റെ പരസ്യവരുമാനത്തെയും ബാധിച്ചിട്ടുണ്ട്. വാര്‍ത്തയ്ക്കും വാര്‍ത്താ പരിപാടികളിലുമെല്ലാം നിലവില്‍ മാതൃഭൂമി പിന്നില്‍ ആണ്. എന്നാല്‍ മുതല്‍ മുടക്കിന് കുറവുമില്ല. ഇതില്‍ മാറ്റം വേണമെന്നാന്ന് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. ഉണ്ണി ബാലകൃഷ്ണന് പകരം മീഡിയാവണ്ണിന്റെ എഡിറ്റര്‍ ചുമതല വഹിക്കുന്ന രാജീവ് ദേവരാജിനെയാണ് മാതൃഭൂമി ലക്ഷ്യമിടുന്നത്.
എന്നാല്‍ രാജീവ് ദേവരാജ് പൂര്‍ണമായും ഇതിന് സമ്മതിച്ചിട്ടില്ല. കുറച്ചു നാള്‍ മുമ്പ് മാത്രമാണ് രാജീവ് ന്യൂസ് 18 കേരളം വിട്ട് മീഡിയാ വണ്ണില്‍ ചേക്കേറിയത്. നിലവില്‍ കോഴിക്കോട് ഉള്ള അദ്ദേഹത്തിന് സ്വന്തം നാട്ടില്‍ ജോലി ചെയ്യാമെന്നതാണ് മാതൃഭൂമിയിലെ ആകര്‍ഷണം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും.