ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബദായൂണ്‍ ജില്ലയില്‍ 50-കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സത്യനാരായണന്‍ എന്നയാളാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ സമീപ ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ടോടെയാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ഇയാള്‍ക്കൊപ്പം കൊലപാതകത്തിന് കൂട്ടുനിന്ന രണ്ടുപേരെ ബുധനാഴ്ച പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രധാനപ്രതിയായ ഇയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാളെ കണ്ടെത്തിത്തരുന്നവര്‍ക്ക് പൊലീസ് അന്‍പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാത്രി പൂജാരിയും രണ്ടു കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച 50-കാരി അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്.