ലക്നൗ : യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിലെ ‘നിര്‍ഭയ’കേസിന് സമാനമായ ഒരു അതിക്രൂര ബലാത്സംഗ കൊലപാതകമാണ് ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബദൗന്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മധ്യവയസ്കയായ ഒരു സ്ത്രീയാണ് കൂട്ട ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഉഗൈതി സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടോടെ ക്ഷേത്രത്തിലേക്ക് പോയ സ്ത്രീ പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. അര്‍ധരാത്രിയോടെ ചോര വാര്‍ന്ന നിലയില്‍ സ്ത്രീയെ ഉപേക്ഷിച്ച് മൂന്ന് പേര്‍ കാറില്‍ രക്ഷപെട്ടതായി പ്രദേശവാസികള്‍ പറയുന്നു. മഹന്ദ് സത്യനാരായണന്‍, അയാളുടെ സഹായി വേദ് റാം, ഡ്രൈവല്‍ ജസ്പാല്‍ എന്നിവരാണ് ഇതെന്നാണ് സംശയിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ വൈകാതെ മരിച്ചു. കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന ആള്‍ തന്നെ സ്വന്തം കാറില്‍ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടു പോയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതമായി പരിക്കേറ്റ നിലയിലായിരുന്നു. ഇരുമ്പ് ദണ്ഡുപയോഗിച്ച് ആക്രമിക്കപ്പെട്ടു എന്നാണ് സൂചന. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിന്റെ ഭാഗത്ത് ഭാരമേറിയ വസ്തു കൊണ്ട് ആക്രമിച്ചിരുന്നു. നിലയ്ക്കാത്ത രക്തസ്രാവമുണ്ടായിരുന്നു. വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്.
അതേസമയം പോലീസുകാര്‍ക്കെതിരെ ആരോപണവുമായി സ്ത്രീയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പരാതി നല്‍കിയിട്ട് പോലും ഉഗൈതി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ രവേന്ദ്ര പ്രതാപ് സിംഗ് സ്ഥലത്തെത്തിയില്ല എന്നാണ് ആരോപണം. സംഭവത്തില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താനായി നാല് ടീമുകളും രൂപീകരിച്ചിട്ടുണ്ട്.