ജൗൻപുർ : ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരും എഴുതിവെച്ച നാല് വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് നൽകി യു പി സർവകലാശാല. ജൗൻപുരിലെ വീർബഹാദൂർ സിങ് പൂർവാഞ്ചൽ സർവകലാശാലയിലാണ് സംഭവം. ഫാർമസി ഡിപ്ലോമ പരീക്ഷയിലാണ് വിദ്യാർത്ഥികൾ ഈ ഉത്തരം എഴുതിയത്. ടൈംസ് ഓഫ് ഇന്ത്യ എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വിദ്യാർഥികളുടെ പരാതിയിൽ രണ്ട് അധ്യാപകരെ സർവകലാശാലാ അധികൃതർ സസ്‌പെൻഡ് ചെയ്തു. വി.ബി.എസ്.പി സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന ദിവ്യാൻഷു സിങ് എന്ന യുവാവിന്റെ വിവരാവകാശ അപേക്ഷയിലാണ് പരീക്ഷാതട്ടിപ്പ് വെളിച്ചത്തായത്.
ഉത്തരക്കടലാസിൽ അറിയാത്ത ഉത്തരത്തിനു നേരെ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാർഥികളെയാണ് പാസ് മാർക്ക് നൽകി വിജയിപ്പിച്ചിരിക്കുന്നത്. ഉത്തരക്കടലാസിൽ രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി നിറച്ചവർക്കും പാസ് മാർക്ക് ലഭിച്ചിട്ടുണ്ട്. 50 ശതമാനത്തിലേറെ മാർക്ക് നൽകിയാണ് എല്ലാവരെയും വിജയിപ്പിച്ചിരിക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ പരീക്ഷപേപ്പർ വീണ്ടും പരിശോധിച്ചു. എന്നാൽ കിട്ടിയത് പൂജ്യം മാർക്ക്. സംഭവം വിവാദമായതോടെ അധ്യാപകരെ പുറത്താക്കാൻ സർവകലാശാല നിർദേശം നൽകി. സർവകലാശാലയിലെ മുൻ വിദ്യാർത്ഥി ദിവ്യാൻഷു സിങ് വിദ്യാർത്ഥികളുടെ വിവരാവകാശ നിയമപ്രകാരം നാല് വിദ്യാർഥികളുടെയും ഉത്തരക്കടലാസ് ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് 50 % മാർക്ക് നൽകിയെന്ന് കണ്ടെത്തിയത്.