ലഖ്‌നൗ : രാജ്യത്ത് കൊറോണയെ ഏതുവിധേനയും പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ വാക്‌സിൻ ഭീതി സംബന്ധിച്ച് ഒരു വിചിത്രമായ റിപ്പോർട്ടാണ് ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. യുപിയിലെ ബറാബങ്കിയിലെ ഗ്രാമവാസികൾ കൊറോണ വാക്‌സിൻ കുത്തിവെപ്പ് ഒഴിവാക്കാൻ സരയുനദിയിലേക്ക് എടുത്ത് ചാടി. ആരോഗ്യപ്രവർത്തകർ ഗ്രാമത്തിലെത്തി കുത്തിവെയ്പ്പെടുക്കാൻ തുടങ്ങിയതോടെയാണ് സംഭവം.
ശനിയാഴ്ചയാണ് സംഭവമുണ്ടായതെന്ന് രാംനഗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രാജീവ് കുമാർ ശുക്ല പറഞ്ഞു. വാക്‌സിനേഷന്റെ പ്രാധാന്യമടക്കം വെളിപ്പെടുത്തി ആളുകളെ ബോധവത്കരണം നടത്തിയിട്ടും ഗ്രാമത്തിലെ 14 പേർ മാത്രമാണ് വാക്‌സിൻ എടുക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനല്ല വിഷമാണ് കുത്തിവെക്കുന്നത് എന്ന് ചിലർ പ്രചരണം നടത്തിയതിനാലാണ് നദിയിലേക്ക് ചാടിയതെന്നാണ് ഗ്രാമീണർ വിശദീകരിക്കുന്നത്.
അതേ സമയം കൊറോണ വ്യാപനത്തിനിടെ രാജ്യത്ത് കടുത്ത വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 18 മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ ലഭ്യതകുറവ് മൂലം നിർത്തിവെച്ചതായി വിവിധ സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്.