ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ വീണ്ടും അറുംകൊല. ഗാസിയാബാദിൽ മാംസം ഭക്ഷിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. മീററ്റ് സ്വദേശി പ്രവീൺ സൈനി(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു പ്രവീൺ. ദേവേന്ദ്ര, വിനോദ് എന്നീ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പ്രവീൺ ആക്രമിക്കപ്പെട്ടത്. പ്രവീൺ കഴിച്ചത് മാംസമാണെന്ന് ആരോപിച്ച് മൂന്ന് പേർ ആക്രമിക്കുകയായിരുന്നു. പ്രവീൺ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
പ്രവീൺ കഴിച്ചത് സോയയും ചപ്പാത്തിയുമാണെന്നാണ് പോലീസ് പറയുന്നത്. പ്രവീൺ കഴിച്ചത് മാംസമാണെന്ന് തെറ്റിദ്ധരിച്ചാണ് മൂവർ സംഘം ആക്രമണം അഴിച്ചുവിട്ടത്. അക്രമികളിൽ ഒരാൾ സൈനികനാണ്. നിതിൻ എന്നാണ് ഇയാളുടെ പേരെന്നും അശ്വിൻ, അർജുൻ എന്നിവരാണ് മറ്റു രണ്ടു പേരെന്നും പോലീസ് പറഞ്ഞു.