പുതുശേരിമല : വർഷങ്ങൾക്കു മുൻപ് ആരംഭിച്ച പാലച്ചുവട്–നരിക്കുഴി റോഡിന്റെ നവീകരണം വീണ്ടും വൈകുമെന്ന് ഉറപ്പായി. ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതിന് അനുമതി തേടി ജല അതോറിറ്റി പിഡബ്ല്യുഡിയെ സമീപിച്ചതോടെയാണിത്. റവന്യു, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകളുടെ മെല്ലെപ്പോക്കു നയം മൂലം വൈകിയ റോഡ് വീകസനമാണിത്. മന്ദിരം–വടശേരിക്കര, മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി എന്നീ ശബരിമല പാതകളെ ബന്ധിപ്പിക്കുന്ന റോഡ് ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തുകയാണ് പദ്ധതി. ബിഎം ടാറിങ് നടത്തിയിട്ട് ഒരു വർഷത്തിലധികമായി.
റവന്യു വകുപ്പ് പുറമ്പോക്ക് അളന്നു കുറ്റിയിട്ടു നൽകാൻ വൈകിയതു മൂലം സംരക്ഷണഭിത്തിയുടെ നിർമാണം യഥാസമയം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പൊട്ടിയ പൈപ്പുകൾ ജല അതോറിറ്റി മാറ്റിയിടാത്തതു മൂലം 70 മീറ്ററോളം ദൂരത്തിൽ ബിഎം ടാറിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. അടുത്തിടെയാണ് അത് മാറ്റി സ്ഥാപിച്ചത്. വൈദ്യുതി തൂണുകൾ വശങ്ങളിലേക്കു മാറ്റി സ്ഥാപിക്കാത്തതും പണി നീളാനിടയാക്കി. മറ്റു വകുപ്പുകളുടെ നടപടികളെല്ലാം പൂർത്തിയാക്കി ബിസി ടാറിങ് നടത്താനിരിക്കെയാണ് പൈപ്പുകൾ സ്ഥാപിക്കാൻ അനുമതി തേടി ജല അതോറിറ്റി പിഡബ്ല്യുഡിയെ സമീപിച്ചത്. പൈപ്പിടുന്നതിനു മുൻപ് ടാറിങ് നടത്തിയാൽ നാശം നേരിടും. ശേഷിക്കുന്ന ഭാഗത്തെ ബിഎം ടാറിങ് അടുത്തയാഴ്ച ചെയ്യാനാണു തീരുമാനം.