ഗൂഗിള്‍ പേ അടക്കമുള്ള യുപിഐ ഐഡികള്‍ക്കുള്ള പരിധി കഴിഞ്ഞ ദിവസം ദിവസം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതിനിടയില്‍ നിര്‍ണായകമായ ഒരു പ്രഖ്യാപനം കൂടി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇ മാന്‍ഡേറ്റിന്റെ പരിധി ഉയര്‍ത്തിയിരിക്കുകയാണ്. ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ മനസ്സിലാവണമെന്നില്ല. ഓട്ടോ ഡെബിറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരൊറ്റ ഇടപാടിലൂടെ ഒരു ലക്ഷം രൂപ വരെ അയക്കാന്‍ ഇതിലൂടെ സാധിക്കും. ഇവ നിങ്ങള്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍സ് എന്ന എസ്‌ഐപിയിലൂടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങാന്‍ ഉപയോഗപ്പെടുത്താം. സ്ഥിരമായി ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാനായിട്ടും ഉപയോഗിക്കും. ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകളും നടത്താം. നിലവില്‍ ഒടിപി അഥവാ വണ്‍ടൈം പാസ്‌വേര്‍ഡ് യുപിഐ ഓട്ടോ പേമെന്റുകള്‍ക്ക് ആവശ്യമാണ്. നിലവിലെ പരിധി 15000 ആണ്. ഇതിന് മുകളിലാണെങ്കില്‍ ഒടിപി ആവശ്യമാണ്. ആ വെരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ മാത്രമേ പേമെന്റ് സാധ്യമാകൂ. അതേസമയം പുതിയ പ്രഖ്യാപനത്തോടെ ഒരു ലക്ഷം രൂപ വരെയുള്ള ഓട്ടോ പേമെന്റുകള്‍ക്ക് ഒടിപി ആവശ്യമില്ല.
ചില കാറ്റഗറികള്‍ക്ക് തുക കൂടുതലായത് കൊണ്ട് ഇവയുടെ പരിധി വര്‍ധിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ ഇതോടെ ഒരുലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ആവശ്യമില്ലാതെ വരും. ഇ മാന്‍ഡേറ്റുകള്‍ വലിയ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് എളുപ്പമാക്കാന്‍ ഇത് സഹായിക്കും. മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ഇവ ആവശ്യമായി വരുന്നത്. 15000 രൂപയ്ക്ക് മുകളില്‍ എപ്പോഴും വരും. അതുകൊണ്ടാണ് ഇതിന്റെ പരിധി ഉയര്‍ത്തിയതെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇ മാന്‍ഡേറ്റ് എന്നത് ഒരു ഡിജിറ്റല്‍ പേമെന്റ് ഓപ്ഷനാണ്. റീട്ടെയില്‍ യൂസര്‍മാര്‍ക്കാണ് ഇത് ഉപയോഗിക്കാനാവുക. യൂസര്‍മാരുടെ അനുമതിയോടെ ഏറ്റവും തടസ്സരഹിതമായ പേമെന്റ് സംവിധാനമാണ് സാധ്യമാക്കുക. മെര്‍ച്ചന്റുകള്‍ക്ക് യൂസര്‍മാരില്‍ നിന്ന് സ്ഥിരമായി പേമെന്റുകള്‍ അനുമതിയോടെ സ്വീകരിക്കാനാവും.
അതായത് നിങ്ങള്‍ അനുമതി നല്‍കിയതിലൂടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ പേമെന്റുകള്‍ ഓട്ടോ ഡെബിറ്റാവും. നിങ്ങള്‍ ആ ഇടപാടുകള്‍ക്ക് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. ഇത് ഇന്ത്യക്കുള്ളിലും വിദേശത്തും ചെയ്യാവുന്നതാണ് 2019 ഓഗസ്റ്റിലാണ് ഇമാന്‍ഡേറ്റ് സംവിധാനം അവതരിപ്പിച്ചത്. ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ടിയാണിത്. ഇമാന്‍ഡേറ്റുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തവര്‍ 8.5 കോടി ആളുകളാണ്. ഇതിലൂടെ മാസം 2800 കോടിയുടെ ഇടപാടുകളാണ് നടക്കുന്നത്. നിങ്ങള്‍ക്ക് മാസത്തില്‍ വരുന്ന പേമെന്റുകള്‍ എല്ലാം ഇത്തരത്തില്‍ ഓട്ടോ പേമെന്റ് ആക്കാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ മറന്നുപോയാലും പ്രശ്‌നമില്ല. പണം കൃത്യമായി പിന്‍വലിക്കപ്പെടും. ഇതില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മാറ്റുകയും ചെയ്യാം.