ചെങ്ങന്നൂര്‍ : ചെങ്ങന്നൂർ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ പൈപ്പുകളിലൂടെ ആവശ്യാനുസരണം വെള്ളമെത്തുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് വെള്ളമെത്തുന്നത്. വെള്ളത്തിന്റെ കുറവുമൂലം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു വെള്ളം വിട്ടിരുന്നില്ല. തീർഥാടകർക്കും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് വെള്ളം ലഭിച്ചിരുന്നത്.കുടിവെള്ളത്തിനായുള്ള ആവശ്യമുയരുമ്പോഴും ചെറുകിട പദ്ധതികൾ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പാറക്കെട്ടുകൾ നിറഞ്ഞ ഉയർന്നപ്രദേശത്ത് 1962-ലാണ് നൂറ്റവൻപാറ കുടിവെള്ളപദ്ധതിയാരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ 150 കുടുംബങ്ങൾ മാത്രമായിരുന്നു ഉപഭോക്താക്കൾ.
ആറു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ കുടുംബങ്ങളുടെ എണ്ണം ഇരട്ടിയിലധികമായെങ്കിലും പദ്ധതി വിപുലീകരിച്ചിട്ടില്ല. നൂറ്റവൻപാറ കുടിവെള്ളപദ്ധതിയുടെ ഭാഗമായി എട്ടുലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നേരത്തേ നടത്തിയിരുന്നു. എന്നാൽ അതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനായി പദ്ധതിയെ മാത്രമാശ്രയിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പുലിയൂർ പഞ്ചായത്ത് നാലാംവാർഡു കൂടാതെ,അതിർത്തിയായ നഗരസഭയുടെ 17, 19, 20, 21 വാർഡുകളും നിലവിൽ പദ്ധതിയുടെ ഭാഗമായി. അതിനാൽ ഇപ്പോഴത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ കുടിവെള്ളപദ്ധതി വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാണ്.