യു.എസ് : ഫ്ലോറിഡയിലെ മയാമിക്കടുത്ത് സർഫ്‌സൈഡിൽ 12 നില കെട്ടിടം തകര്‍ന്നു വീണിട്ട് 48 മണിക്കൂർ കഴിഞ്ഞതോടെ അവശിഷ്ടങ്ങൾക്കിടയിൽ ജീവൻ അവശേഷിക്കുന്നുവോ എന്ന ഭീതി ഉയർന്നു. അടിയിൽ നിന്ന് നേരത്തെ ശബ്ദങ്ങൾ കേട്ടിരുന്നുവെങ്കിലും അവ നിലച്ചിരിക്കുന്നു. അത് കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് അർത്ഥമില്ലെന്നു വിദഗ്ദർ പറയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ഒരു പക്ഷെ അവർ ക്ഷീണിതരായതായിരിക്കാം കാരണം.
ഏകദേശം 159 പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഔദ്യോഗികമായി ലഭ്യമാകുന്ന വിവരം. അവരെ രക്ഷിക്കാൻ ഡ്രോണുകളുടെയും വീഡിയോ ഉപകരണത്തിന്റെയും നായ്ക്കളുടെയും സഹായത്തോടെയാണ് തിരച്ചിൽ.
കെട്ടിടാവശിഷ്ടം മുഴുവനായി നീക്കം ചെയ്യാത്തതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇതിനിടയിൽ വെള്ളിയാഴ്ച എങ്ങനെയോ തീ പടർന്നുപിടിച്ചത്, രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെന്ന് മേയർ ഡാനിയേല അറിയിച്ചു. ധൈര്യത്തോടെ പ്രവർത്തനം നടത്തുന്ന ‘റെസ്ക്യൂ ടീമിനെ’ അവർ അഭിനന്ദിക്കുകയും ചെയ്തു.
ഫ്ലോറിഡയിലെ കോളിൻസ് അവന്യൂവിൽ ഷാംപ്‌ളെയിൻ ടവർസ് സൗത്തിലാണ് 12 നിലകളുള്ള ബഹുനില മന്ദിരത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നിലംപൊത്തിയത്. 1981ല്‍ പണിത 130 അപ്പാര്‍ട്ടുമെന്റുകളുള്ള കെട്ടിട സമുച്ചയത്തിലെ ഒരു ഭാഗമാണ് നിലംപൊത്തിയത്. തകർന്നടിഞ്ഞ ഭാഗത്ത് അമ്പത്തഞ്ചോളം അപ്പാര്‍ട്ടമെന്റുകളുണ്ടായിരുന്നു. മറ്റ് ഭാഗങ്ങളിലേക്കും വിള്ളല്‍ വീണതോടെ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 48 മണിക്കൂറുകൾക്കിപ്പുറവും രംഗം ശാന്തമായിട്ടില്ല.
ഒരു ബ്ലോക്കകലെ ഷാംപ്‌ളെയിൻ ടവർസ് നോർത്ത് ഉണ്ട്. അവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായിരിക്കും നല്ലത് എന്ന നിഗമനത്തിലാണ് അധികൃതർ. 40 വർഷമായ കെട്ടിടത്തിന്, കാലപ്പഴക്കം കൊണ്ടുണ്ടായ ബലക്ഷയമാകാം അപകടത്തിന് വഴിവെച്ചതെന്ന് ആക്ഷേപമുണ്ട്. കെട്ടിട നിവാസികൾ പലപ്പോഴും വിള്ളലുകളെക്കുറിച്ചും മറ്റും പരാതിപ്പെട്ടിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. 1990 മുതൽ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായിരുന്നു.
അപകടം നടക്കുന്ന സമയം എത്രപേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. അപകടം നടന്നത് രാത്രിയിലായതും കാലാവസ്ഥ മോശമായതും രക്ഷാപ്രവര്‍ത്തനം വൈകാൻ കാരണമായി. മയാമി പോലീസാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്നത്. 127 പേരെ ഇതിനകം അപകടത്തില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സഹായം ലഭ്യമാക്കാന്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ താമസിച്ചിരുന്ന ലാറ്റിനമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ പലരേയും കാണാനില്ലെന്ന് അവരുടെ കോണ്‍സുലേറ്റുകള്‍ അറിയിച്ചു. ഗവർണർ റോൺ ഡിസാന്റിസും മേയർ ഡാനിയേല ലെവീൻ കാവയും രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ടാസ്ക് ഫോഴ്സിൽ മെക്സിക്കോയിൽ നിന്നും ഇസ്രായേലിൽ നിന്നുള്ള ജീവനക്കാർ ചേർന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എന്ത് സഹായവും ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. കുടുംബവുമൊത്ത് ക്യാമ്പ് ഡേവിഡിലാണെങ്കിലും ഓരോ മണിക്കൂറിലെയും സംഭവവികാസങ്ങൾ ബൈഡൻ സസൂക്ഷ്മം അന്വേഷിച്ചറിയുന്നുണ്ട്