വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ഭാര്യയെയും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. റെഹോബോത്ത് ബീച്ചില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ബൈഡന്‍. നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ ചെറിയ സ്വകാര്യ വിമാനം തെറ്റായി പ്രവേശിച്ചതോടെയാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. എന്നാല്‍ താമസിയാതെ ബൈഡനും ഭാര്യയും ബീച്ചിലെ വസതിയിലേക്ക് മടങ്ങിയെത്തി.
നിയന്ത്രിത വ്യോമമേഖലയില്‍ പ്രവേശിച്ച വിമാനം വളരെ വേഗം തിരികെ പോയതോടെയാണ് ആശങ്ക അവസാനിച്ചത്. ബൈഡന്റെ ബീച്ച് ടൗണ്‍ സന്ദര്‍ശനത്തിന് മുമ്പ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫ്‌ളൈറ്റ് നിയന്ത്രണങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നിട്ടും സുരക്ഷാ മേഖലയില്‍ വിമാനം പറത്തിയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത പൈലറ്റിനെ ഇതിനായി ചോദ്യം ചെയ്യലിന് വിധേയമാക്കും.
പ്രസിഡന്റ് താമസിക്കുന്ന വസതിയുടെ 10 മൈല്‍ റേഡിയസ് നോഫ്‌ളൈ സോണും 30 മൈല്‍ നിയന്ത്രിത മേഖലയുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിയന്ത്രിത മേഖലയില്‍ പ്രത്യേകിച്ച് താത്കാലികമായി നിര്‍ണ്ണയിക്കുന്ന അവസരങ്ങളില്‍ വ്യോമാതിര്‍ത്തി ലംഘനങ്ങള്‍ സാധാരണമാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിമാനങ്ങളെ തടയാന്‍ യുഎസ് മിലിട്ടറി ജെറ്റുകളും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറുകളുമാണ് സാധാരണ ഉപയോഗിക്കുന്നത്. ഇവ അതിക്രമിച്ച് കയറിയ വിമാനങ്ങളെ അടുത്തുള്ള എയര്‍ഫീല്‍ഡിലേക്ക് എത്തിക്കുകയും പൈലറ്റിനെ ചോദ്യം ചെയ്യുകയുമാണ് പതിവ് രീതി. മിക്ക സംഭവങ്ങളിലും പിഴ ഈടാക്കി വിട്ടയക്കുകയോ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യും.