റിയാദ്: ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാതെ തന്നെ സൗദി അറേബ്യയുമായി ആണവ സഹകരണത്തിന് അമേരിക്ക തീരുമാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദർശനത്തിൽ സഹകരണത്തിനുള്ള ധാരണപത്രം കൈമാറും. ഈ മാസം പതിമൂന്നിനാണ് സൗദിയിലേക്ക് യുഎസ് പ്രസിഡന്റ് എത്തുന്നത്. സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചാൽ മാത്രമേ ആണവ സഹകരണം സാധ്യമാകൂ എന്നായിരുന്നു യുഎസ് നിലപാട്. ഇസ്രായേലിന്റെ ഗാസ്സ യുദ്ധവും വംശഹത്യയും അറബ് ലോകത്ത് പ്രകോപനം സൃഷ്ടിച്ചതോടെ ഇസ്രായേലുമായി സഹകരണം സാധ്യമാകില്ലെന്ന നിലപാട് സൗദി യുഎസിനെ അറിയിച്ചിരുന്നു. പകരം യുഎസിന് ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം സൗദി നൽകും.
ആണവ സഹകരണം കൂടാതെ പ്രതിരോധ ആയുധങ്ങളും സൗദിക്ക് ലഭിക്കും. വൻ പാക്കേജുകൾ ട്രംപിന്റെ അടുത്തയാഴ്ചയിലെ സന്ദർശനത്തിലുണ്ടാകും. ആണവോർജം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം, കാർബൺ ബഹിർഗമനം കുറക്കൽ എന്നിവ സൗദിയുടെ ലക്ഷ്യങ്ങളാണ്. ഇറാനെ പോലെ സൗദിയും ആണവായുധം വികസിപ്പിക്കുമോ എന്ന ആശങ്ക ഇസ്രായേലിനുണ്ട്. ഇത് നിരീക്ഷിക്കാൻ യുഎസ് ഉദ്യോഗസ്ഥർ സൗദിയിലെ പ്ലാന്റുകളിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. യുഎസ് നൽകിയില്ലെങ്കിൽ ചൈന, റഷ്യ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നിവരുമായി സൗദി സഹകരണത്തിന് നീങ്ങുമെന്നതും യുഎസ് വെല്ലുവിളിയായി കണ്ടിരുന്നു.