വാഷിങ്ടന്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി യുഎസ്. മേയ് നാലു മുതലാണ് വിലക്ക്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതുമാണ് കാരണമെന്ന് പ്രസ് സെക്രട്ടറി ജെന്‍ പ്സാക്കി പറഞ്ഞു.
അമേരിക്കന്‍ പൗരന്മാര്‍ക്കും യുഎസിലെ സ്ഥിരതാമസക്കാര്‍ക്കും വിലക്ക് ബാധകമല്ല. ആരോഗ്യപ്രവര്‍ത്തകരെയും വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതിന് തടസ്സമില്ലെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ആരെങ്കിലും രാജ്യത്ത് ഉണ്ടെങ്കില്‍ തിരികെ വരണമെന്നും യുഎസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, അയര്‍ലന്‍ഡ്, ചൈന, ഇറാന്‍ തുടങ്ങി കോവിഡ് കൂടുതലായ മറ്റു ചില രാജ്യങ്ങള്‍ക്കും യുഎസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.