അമേരിക്ക : ഇറാഖിൽ കഴിഞ്ഞ ദിവസം യു.എസ് സൈനിക കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിന് പ്രത്യാക്രമണം ഉറപ്പാണെന്ന് അമേരിക്ക. നിശ്ചിത സമയത്തായിരിക്കും തിരിച്ചടിയെന്നും യു.എസ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇറാൻ പിന്തുണയുള്ള മിലീഷ്യകളാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ആണവ വിഷയത്തിൽ നയതന്ത്ര ചർച്ചകൾ വഴിമുട്ടിയിരിക്കെ ഇറാഖിന്റെ പേരിൽ ഇറാനും അമേരിക്കയും കൂടുതൽ ഇടയുകയാണ്. ബാഗ്ദാദിലെ അൽ അസദ് സൈനിക ക്യാമ്പിനു നേരെ കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ ഒരു കരാർ ജീവനക്കാരൻ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇറാഖിലെ തങ്ങളുടെ സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ഇറാനുള്ള മുന്നറിയിപ്പെന്നോണം യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉചിതമായ രീതിയിൽ ആക്രമണകാരികൾക്കെതിരെ തിരിച്ചടി ഉറപ്പാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നയതന്ത്ര പ്രശ്നപരിഹാരത്തിന് അമേരിക്ക സന്നദ്ധമാണെങ്കിലും സൈനികരുടെ സുരക്ഷയുടെ ചെലവിൽ അതുണ്ടാകില്ലെന്നും യു.എസ് ഇറാനെ ഓർമിപ്പിച്ചു. ആണവ കരാർ വ്യവസ്ഥകൾ ലംഘിച്ച ഇറാൻ അപകടകരമായ പാതയിലാണ് നീങ്ങുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകനും കുറ്റപ്പെടുത്തി. എന്നാൽ അടിച്ചേൽപിച്ച ഉപരോധം ആദ്യം അമേരിക്ക പിൻവലിക്കുകയാണ് വേണ്ടതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.