ഗാസ്സ സിറ്റി: യുദ്ധാനന്തര ഗാസ്സയുടെ ഭരണസംവിധാനത്തെ കുറിച്ച് ഇസ്രായേലും അറബ് രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചതായി അമേരിക്ക. ഗാസ്സയുടെ പുനർ നിർമാണവും ചർച്ചയിൽ ഉണ്ട്. ഗാസ്സയിൽ അധികാരം ഒഴിയാൻ ഹമാസ് മധ്യസ്ഥ രാജ്യങ്ങൾക്ക് മുമ്പാകെ നേരെത്ത സന്നദ്ധത അറിയിച്ചിരുന്നു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പു വരുത്താനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയത്തിന് അനുസരിച്ചാകും ഗാസ്സയുടെ പുനർനിർമാണ പദ്ധതിയെന്നും യു.എസ് വ്യക്തമാക്കി. കെയ്‌റോയിലും ദോഹയിലും തുടരുന്ന വെടിനിർത്തൽ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് മധ്യസ്ഥ രാജ്യങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യു.എസ് പ്രതികരണം. അതേസമയം ഗാസ്സയിൽ കനത്ത ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഗാസ്സയിൽ ആക്രമണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്നലെ നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 37പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്‍റെ ഉപരോധം മൂലം ആയിരങ്ങളാണ് ഗാസ്സയിൽ മരണം കാത്തുകഴിയുന്നതെന്ന് ലോക ഭക്ഷ്യ പദ്ധതി സാരഥികൾ അറിയിച്ചു. ഗാസ്സയിലെ ഇസ്രായേൽ ക്രൂരതക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുമ്പാകെ തെളിവുകളുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഗാസ്സയിലേക്ക് സഹായം വിലക്കിയതുൾപ്പെടെയുള്ള ഇസ്രായേൽ നടപടികൾ ആസൂത്രിത വംശഹത്യയുടെ ഭാഗമാണെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി മുമ്പാകെ ഇസ്രയേൽ ക്രൂരതക്കെതിരെ നിരവധി തെളിവുകളാണ് സൗദി പ്രതിനിധി മുഹമ്മദ് സൗദ് അൽ നാസർ നിരത്തിയത്. കോടതിയുടെ വാദം കേൾക്കൽ വെള്ളിയാഴ്ച വരെ തുടരും.