കോഴിക്കോട്: ബാലുശ്ശേരിയിലുള്ള തന്റെ അക്കാദമിയായ ഉഷ സ്‌കൂള്‍ ഓഫ് അത് ലറ്റിക്സില്‍ കയ്യേറ്റവും ഗുണ്ടായിസവും നടക്കുന്നതായി ആരോപിച്ച് ഇതിഹാസ കായികതാരവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷ രംഗത്ത്. ഫെബ്രുവരി 4ന് തന്റെ അക്കാദമിയില്‍ ചില ആളുകള്‍ കയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഉഷ പറഞ്ഞതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
അക്കാദമിയിലെ വനിതാ അത്ലറ്റുകളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് പി.ടി ഉഷ പറഞ്ഞു. ചിലര്‍ ഉഷ സ്‌കൂള്‍ ഓഫ് അത് ലറ്റിക്സിന്റെ കോമ്പൗണ്ടില്‍ കയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാനേജ്മെന്റ് ഇത് തടഞ്ഞപ്പോള്‍ അവര്‍ മോശമായി പെരുമാറി. പനങ്ങാട് പഞ്ചായത്തില്‍ നിന്ന് അനുമതിയുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു, പോലീസില്‍ പരാതിപ്പെട്ടതോടെ അവര്‍ ജോലി നിര്‍ത്തിവച്ചെന്ന് ഉഷ പറഞ്ഞു.
ലഹരിക്ക് അടിമകളായവരും കമിതാക്കളും അക്കാദമിയില്‍ പ്രവേശിക്കുന്നതായും ബാലുശ്ശേരിയിലെ 30 ഏക്കര്‍ വിസ്തൃതിയുള്ള സമുച്ചയത്തില്‍ മാലിന്യം പോലും തള്ളുന്നതായും ഉഷ ആരോപിച്ചു. സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ ശ്രമിക്കുന്ന തന്റെ മക്കള്‍ ക്രൂരതകള്‍ നേരിടുന്നത് കാണുമ്പോള്‍ ഏതൊരു അമ്മയുടെയും ഹൃദയം വേദനിക്കും. അതിനാല്‍ അടിയന്തിരമായി നിലവിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് പി.ടി ഉഷ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു.